ആദായ നികുതി കേസ്….കോൺഗ്രസിന് തിരിച്ചടി…

ആദായ നികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി. 105 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാനുള്ള ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐടിഎടിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചു. കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കും.

ജസ്റ്റിസുമാരായ യശ്വന്ത് വർമ, പുരുഷീന്ദ്ര കുമാർ കൗർ എന്നിവർ അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2021ലാണ് പാർട്ടിക്കെതിരായ നടപടികൾ ആരംഭിച്ചത്. കോൺഗ്രസ് ഓഫീസിലെ എല്ലാവരും ഉറങ്ങുകയായിരുന്നോയെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു. പാർട്ടി ലാഘവത്തോടെയാണ് വിഷയം കൈകാര്യം ചെയ്തതെന്നും കോടതി പറഞ്ഞു.

2018-19 സാമ്പത്തികവർഷത്തെ നികുതി കോൺഗ്രസ് നൽകിയില്ലെന്ന് കാട്ടിയാണ് ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചത്. ഏകദേശം 135 കോടി രൂപയാണ് പലിശ സഹിതമുള്ള കുടിശ്ശിക. 2021 ജൂലൈയിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആദായനികുതി ഇളവ് ആവശ്യപ്പെട്ട് സമീപിച്ചിരുന്നുവെങ്കിലും അഭ്യർത്ഥന വകുപ്പ് നിരസിച്ചു. 105 കോടി തിരിച്ചടയ്ക്കാൻ നിർദേശവും നൽകി.

സമയപരിധി കഴിഞ്ഞിട്ടും കുടിശ്ശിക തിരിച്ചടക്കാത്തതിനെ തുടർന്ന് പാർട്ടി അക്കൗണ്ടുകളിലെ 115 കോടി രൂപ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ഈ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ട്രൈബ്യൂണലിനെ സമീപിച്ചു. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

എന്നാൽ നടപടി ശരിവെച്ചുകൊണ്ട് 2024 മാർച്ച് 8 ന് ITAT ഉത്തരവിറക്കി. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button