ആട്ടോ ഡ്രൈവർ വധശ്രമം തൊഴിലാളികൾ പ്രതിഷേധിച്ചു….
തമ്പാനൂർ കെഎസ്ആർടിസി പ്രീപെയ്ഡ് കൗണ്ടറിലെ ഓട്ടോറിക്ഷാ ഡ്രൈവർ സുകുവിനെ കഴിഞ്ഞ ദിവസം രാത്രി ( മേയ് 31) ഓട്ടം വിളിച്ചുകൊണ്ടുപോയി വട്ടിയൂർക്കാവ് മൂന്നാം മൂടിന് സമീപംവച്ച് കഴുത്തിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ അടിയന്തരമായി കണ്ടെത്തണമെന്നും മാതൃകാപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും ജില്ലയിലെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയർമാനും ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമായ വി. ആർ പ്രതാപൻ ആവശ്യപ്പെട്ടു.തമ്പാനൂർ കെഎസ് ആർടിസി പ്രീപെയ്ഡ് കൗണ്ടറിനു സമീപം കെഎസ്ആർടിസി ബസ് സ്റ്റേഷന് മുന്നിൽ സംയുക്തമായി വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതാപൻ.
ആട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റുചെയ്യുക, തമ്പാനൂരിൽ പ്രി-പെയ്ഡ് കൗണ്ടറിൽ രജിസ്റ്റർ ചെയ്ത് ഓടുന്ന തൊഴിലാളികളെയും പോലീസ് സ്റ്റേഷനുകളിൽ രാത്രികാലങ്ങളിൽ പേരു രജിസ്റ്റർ ചെയ്ത് ഹാജർ വച്ച് ഓടുന്നവരുമല്ലാതെ അനധികൃതമായി ഓടുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കുക,
പ്രീപെയ്ഡ് കൗണ്ടറിൽ പോലീസിന്റെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുക, തമ്പാനൂരിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കുക, അക്രമത്തിൽ പരിക്കേറ്റ സുകുവിന് ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ കുത്തിയിരിപ്പു സമരം നടത്തിയത്.