ആചാരപൂർവം സംസ്കാര ചടങ്ങുകൾ… ഔദ്യോഗിക പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും….
അമ്മ ഹീരാബെന്നിന്റെ ഭൗതിക ദേഹം വിധിപോലെ സംസ്കരിച്ച് പ്രധാനമന്ത്രി അതിവേഗം ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങുന്നു. അമ്മയെ കൃത്യമായ ഇടവേളകളിൽ സന്ദർശിച്ചിരുന്ന നരേന്ദ്രമോദിക്ക് അവസാന നിമിഷങ്ങളിലും അമ്മയ്ക്കൊപ്പം അടുത്തിരിക്കാനുള്ള സൗഭാഗ്യമുണ്ടായി. ഒരു പുത്രനെന്ന നിലയിൽ തന്റെ കടമ നിർവഹിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് നരേന്ദ്രമോദി സംസ്കാര ചടങ്ങുകൾ നിർവഹിച്ചത്. ആശുപത്രിയിൽ നിന്നും റയ്സാൻ വസതിയിലേയ്ക്കാണ് ഭൗതിക ദേഹം എത്തിച്ചത്. നരേന്ദ്രമോദിയും സഹോദങ്ങളും ബന്ധുമിത്രാദികളും ചേർന്നാണ് സംസ്കാര പൂർവ ചടങ്ങുകൾ നടത്തിയത്. അമ്മയുടെ ഭൗതിക ദേഹം തോളിലേറ്റിയാണ് നരേന്ദ്രമോദി ബന്ധുക്കൾക്കൊപ്പം ശ്മശാനഭൂമിയിലേക്ക് നടന്നത്. സഹോദരൻ സോമഭായ് മോദിയും നരേന്ദ്രമോദിക്കൊപ്പം ചടങ്ങുകൾക്ക് നേതൃത്വം നൽകി.അമ്മയുടെ ദേഹവിയോഗത്തിനിടയിലും ഇന്ന് ഔദ്യോഗികമായി തീരൂമാനിച്ചിരിക്കുന്ന ഒരു പരിപാടികളും മാറ്റമില്ലാതെ നടക്കുമെന്നും പ്രധാനമന്ത്രി വെർച്വൽ സംവിധാനത്തിലൂടെ പങ്കെടുക്കുമെന്നും ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. അമ്മ തന്റെ ഔദ്യോഗികമായ കൃത്യനിർവഹണത്തിന് ഏറ്റവും ശക്തമായ പ്രേരണയാണെന്ന് നരേന്ദ്രമോദി വീണ്ടും ഓർമ്മിപ്പിച്ചു. നൂറാമത്തെ ജന്മദിനം ആഘോഷിക്കുന്ന സമയത്ത് എന്നും തന്റെ ജോലിയോട് കാണിക്കേണ്ട സമ്പൂർണ്ണമായ സമർപ്പണത്തെ അമ്മ ഓർമ്മിപ്പിച്ചിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു. ജീവിതം സംശുദ്ധമായിരിക്കണമെന്നും യുക്തിയും ബുദ്ധിയും കൃത്യമായി സംയോജിപ്പിച്ച് ജീവിക്കണമെന്ന അമ്മയുടെ വാക്കുകൾ ജീവിത വ്രതമായി തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു.