ആഗ്രഹം സാധിക്കാതെ യാത്രയായി, ഒടുവിൽ അന്തിയുറങ്ങാൻ 2 സെന്റ്
മാവേലിക്കര: കഴിഞ്ഞ ദിവസം മലയിടിച്ചിലിൽ മരിച്ച സൈനികന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. ഉത്തരാഖണ്ഡിൽ മലയിടിച്ചിലിലാണ് ചെട്ടികുളങ്ങര സ്വദേശിയായ സൈനികൻ മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ തെക്ക് സ്നേഹതീരത്തു വീട്ടിൽ പരേതരായ വാസുദേവന്റെയും ശാന്തയുടേയും മകൻ തമ്പി പി.വി (57) ആണ് മരിച്ചത്. ഗ്രഫിൽ സർജന്റ് ആയിരുന്നു. ബുധനാഴ്ചയാണ് അപകടം ഉണ്ടായത്.
വലിയ ഒരു ആഗ്രഹം സാധിക്കാതെയാണ് വീര സൈനികൻ വീരമൃത്യു വരിച്ചത്. സ്വന്തമായി ആകെയുള്ള 3 സെന്റ് സ്ഥലത്താണ് വീട്. അതും റെയിൽവേയുടെ ബഫർ സോണിൽ. മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് വെക്കണമെന്നത് തമ്പിയുടെ ആഗ്രഹമായിരുന്നു. വിരമിക്കാൻ ബാക്കിയുള്ള രണ്ട് വർഷത്തിനിടെ ഇതിനുള്ള പണം സമ്പാതിക്കണമെന്നായിരുന്നു. ആഗ്രഹം. അത് സാധിക്കാതെയാണ് ഇപ്പോൾ യാത്രയായത്.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം സംസ്കരിക്കാൻ പോലും സ്ഥലം ഇല്ലെന്ന് അറിഞ്ഞ പഞ്ചായത്ത് അധികൃതർ ഇടപെട്ട് തൊട്ടുത്തുള്ള രണ്ട് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇവിടെയാണ് മൃതദേഹം സംസ്കരിക്കുക.
ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആശുപത്രിയിലെ ആശ വർക്കറായ ഭാര്യ അംബിക ഓണാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയുടെ റിഹേഴ്സലിൽ ഇരിക്കുമ്പോളാണ് പ്രയതമന്റെ മരണവാർത്ത അറിയുന്നത്. ദിവസവും രാവിലെ വാട്സ് ആപ്പിൽ മെസേജ് ഇടുന്ന പതിവുണ്ടായിരുന്നു, ഇന്നലെയും ഇട്ടു. പക്ഷേ മറുപടി ഇട്ടത് കണ്ടിരുന്നില്ല. ജോലി തിരക്കുകൊണ്ടാവും കാണാഞ്ഞത് എന്നാണ് കരുതിയത്, അംബിക 140 ന്യൂസിനോട് പറഞ്ഞു. ഇവിടുത്തെ ജോലി ബുദ്ധിമുട്ടാണെന്ന് പലപ്പോഴും പറഞ്ഞിരുന്നതായും ഇവർ പറയുന്നു. ഏക മകൻ തനുജ് തമ്പി ഇപ്പോളും പിതാവിന്റെ വേർപാട് താങ്ങാനാകാത്ത അവസ്ഥയിലാണ്.
നാളെ രാവിലെ അഞ്ചരയോടെ തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹം 7 മണിക്ക് അവിടുന്ന് നാട്ടിലേക്ക് കൊണ്ടുവരും. തട്ടാരമ്പലത്തിൽ 10 മണിയോടെ എത്തിക്കും. അവിടെ നിന്ന് ജന്മനാടായ കൊയ്പ്പള്ളികാരാഴ്മയിൽ എത്തിച്ച് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് 2 മണിയോടെ വീട്ടിൽ എത്തിച്ച് സംസ്കാരം നടത്തും.