അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു..രാത്രിയും മഴയും വെല്ലുവിളി…
അങ്കോള മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും വെല്ലുവിളിയായതോടെയാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ രാവിലെ അഞ്ചരയോടെ തിരച്ചിൽ തുടരുമെന്നും ഉത്തര കന്നഡ എസ് പി എം നാരായണ അറിയിച്ചു.
കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നാല് ദിവസം മുമ്പാണ് അർജുനെ കാണാതായത്. വാഹനത്തിന്റെ ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്നയിടത്താണ്. വണ്ടിയുടെ എൻജിൻ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.അതുകൊണ്ട് തന്നെ അർജുൻ ജീവനോടെയുണ്ടാകുമെന്നാണ് കരുതുന്നത്.