അർജുനടക്കം മൂന്ന് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം..പ്രധാനമന്ത്രിക്ക് കത്തയച്ച് കുടുംബം….
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കൂടുതൽപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം. അർജുനെക്കൂടാതെ നാമക്കൽ സ്വദേശിയായ ലോറി ഡ്രൈവർ ശരവണൻ മണ്ണിനടിയിൽ കുടുങ്ങിയെന്ന് സൂചന. അപകടസ്ഥലത്ത് നിന്നും ശരവണന്റെ ലോറി കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി അപകടസ്ഥലത്തെത്തിയിട്ടുണ്ട്.മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താനായി തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് .
അതേസമയം ലോറിയുടെ ലൊക്കേഷന്‍ റഡാര്‍ പരിശോധനയില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഐഐടി സംഘം നിഷേധിച്ചു. സിഗ്നല്‍ ലോറിയുടേതായിരുന്നില്ലെന്നും വലിയ പാറക്കല്ലോ മറ്റോ ആകാനാണ് സാധ്യതയെന്നും എന്‍ഐടി സംഘം വ്യക്തമാക്കി. വന്‍മരങ്ങളും പാറക്കല്ലുകളും മണ്ണിനൊപ്പമുള്ളതിനാല്‍ റഡാറില്‍ സിഗ്നല്‍ ലഭിക്കുന്നതിനും പ്രയാസം നേരിടുന്നതായും സംഘം പറഞ്ഞു.
ഇതിനിടെ അർജുനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കുടുംബം. സൈന്യത്തിൻ്റെ സഹായം ഉറപ്പാക്കണമെന്ന് കത്തിൽ കുടുംബം ആവശ്യപ്പെടുന്നു. തെരച്ചിൽ കാര്യക്ഷമമല്ലെന്നും പ്രതീക്ഷകൾ അസ്തമിക്കുന്നുവെന്നും കുടുംബം കത്തിൽ പറയുന്നു. ഇനിയും കാത്തിരിക്കുക അസാധ്യമാണെന്നും അർജുൻ്റെ ജീവൻ രക്ഷിക്കാൻ
പ്രധാനമന്ത്രി ഇടപെടണമെന്നും കുടുംബം കത്തിൽ ആവശ്യപ്പെട്ടു.