അസഹനീയമായ ചീഞ്ഞ ഗന്ധം പരന്നതോടെ സ്കൂള്‍ ഒരാഴ്ചത്തേക്ക് പൂട്ടി… ഗന്ധത്തിന് കാരണം കണ്ടെത്തിയപ്പോൾ നടുങ്ങി….

ഒരു ദിവസം പെട്ടെന്ന് ചില ക്ലാസ്മുറികളില്‍ ചീഞ്ഞയൊരു ഗന്ധം പരന്നു. എന്താണ് ഇതിന് കാരണമെന്നത് ആര്‍ക്കും മനസിലായില്ല. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കോ ഒന്നും സഹിക്കാനാകാത്ത ഗന്ധം വലിയ പ്രശ്നമായതോടെ ഇവരെല്ലാം തന്നെ ക്ലാസ്മുറികളില്‍ കയറാതിരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് ഇവിടെ കണ്ടത്.സംഭവം എന്തോ ഗ്യാസ് ലീക്കേജാണ് എന്ന നിഗമനത്തിലാണ് സ്കൂള്‍ അധികൃതര്‍ ആ സമയത്ത് എത്തിയത്. എന്തായാലും ഏവരെയും സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കലായിരുന്നു അടുത്തതായി സ്കൂള്‍ അധികൃതര്‍ ചെയ്തത്. അതിന് ശേഷം അവര്‍ സ്കൂളിന്‍റെ പരിസരം ആകെയും പരിശോധനാവിധേയമാക്കി. ഗ്യാസ് ലീക്കേജ് കണ്ടെത്തുന്നതിനുള്ള ഉപകരണം ഉപയോഗിച്ചായിരുന്നു പരിശോധന. പൊലീസും സ്ഥലത്തെ നേതാക്കളുമെല്ലാം അന്വേഷണത്തിന് നേതൃത്വം നല്‍കാനെത്തുകയും ചെയ്തിരുന്നു.എന്നാല്‍ ഈ അന്വേഷണങ്ങള്‍ക്കൊന്നും യാതൊരു തുമ്പും ലഭിച്ചില്ല. പക്ഷേ ചീഞ്ഞ ഗന്ധം ശ്വസിച്ചതിനെ തുടര്‍ന്ന് ചില വിദ്യാര്‍ത്ഥികള്‍ക്ക് തലവേദനയും ഛര്‍ദ്ദിയും പിടിപെട്ടതോടെ സ്കൂള്‍ അടച്ചിടാൻ തന്നെ അധികൃതര്‍ക്ക് തീരുമാനിക്കേണ്ടി വന്നു. അങ്ങനെ ഒരാഴ്ചത്തേക്ക് സ്കൂളിന് അവധി പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് സംഭവത്തിന്‍റെ സത്യാവസ്ഥ പുറത്തുവന്നത്. സ്തൂളിലെ ഒരു വിദ്യാര്‍ത്ഥി തമാശയ്ക്ക് വേണ്ടി ചീഞ്ഞ ഗന്ധം പരത്തുന്നൊരു സ്പ്രേ കൊണ്ടുവന്ന് അടിക്കുകയായിരുന്നു. കീഴ്ശ്വാസത്തിന്‍റെ ഗന്ധത്തിന് സമാനമായ ഗന്ധമായിരുന്നു ഈ സ്പ്രേക്ക് ഉണ്ടായിരുന്നത്.താൻ ഒരു ‘പ്രാങ്ക്’ ആണ് ഉദ്ദേശിച്ചതെന്നും എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയപ്പോള്‍ പേടിച്ചുപോയി എന്നും വിദ്യാര്‍ത്ഥി അധ്യാപകരോട് ഏറ്റുപറഞ്ഞു. എന്തായാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇങ്ങനെയാണ് സംഭവിച്ചതെന്നും പിന്നീട് സ്കൂള്‍ അധികൃതര്‍ തന്നെ ഏവരെയും അറിയിക്കുകയായിരുന്നു. ശേഷം വിദ്യാര്‍ത്ഥിയുടെ അതിര് കടന്ന കുസൃതി സൃഷ്ടിച്ച ദുരൂഹത വാര്‍ത്തകളിലും ഇടം നേടുകയായിരുന്നു. അമേരിക്കയിലെ ടെക്സാസില്‍ ഉള്ള കാനി ക്രീക്ക് ഹൈസ്കൂളില്‍ ആണ് തീര്‍ത്തും വിചിത്രമായ സംഭവമുണ്ടായത്.

Related Articles

Back to top button