അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയ്ക്കും, രാജീവ് ചന്ദ്രശേഖറിനും ശ്രീ ചിത്തിര തിരുനാൾ ദേശീയ അവാർഡ്                        

വെള്ളറട: ശ്രീ ചിത്തിര തിരുനാൾമഹാരാജാവിൻറ ഓർമ്മയ്ക്കായി ശ്രീചിത്തിര തിരുനാൾ ട്രസ്റ്റ് ഏർപ്പെടു ത്തിയിട്ടുള്ള നാഷണൽ അവാർഡ് പ്രഖ്യാപിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയ്ക്കും, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുമാണ് 2022, 2023 വർഷങ്ങളിലെ പുരസ്കാരം . 2006 മുതൽ വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്ക് പുരസ്കാരം നൽകിയിട്ടുണ്ട്. ശാസ്ത്ര സാങ്കേതികം,കല, സിനിമ, സംഗീതം, സാഹിത്യം ,സ്പോർട്സ് പൊതുപ്രവർത്തനം എന്നീ മേഖലകളിൽ രാജ്യത്ത് സേവനം ചെയ്തിട്ടുള്ള പ്രമുഖവ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്.

തിരുവിതാംകൂർ രാജ കുടുംബാംഗവും എഴുത്തുകാരിയും പത്മശ്രീ ജേതാവും എന്ന നിലയിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിക്കും  മുൻ കേന്ദ്രമന്ത്രിയായ  രാജീവ് ചന്ദ്രശേഖറിന് വ്യവസായ സംരംഭകനും സാങ്കേതിക വിധഗ്ദ്ധൻ എന്നുള്ള നിലയിലുമാണ് പുരസ്കാരം നൽകുന്നത്.  ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ മുൻ അംബാസഡർ റ്റി പി ശ്രീനിവാസൻ, ശ്രീ ചിത്തിര തിരുനാൾ സ്കൂൾ മാനേജർ റ്റി സതീഷ്കുമാർ, റിട്ട. ഐ പി എസ് പി കെ ലംബോദരൻ നായർ, കേണൽ ആർ ജി നായർ, ശ്രീ ചിത്തിര തിരുനാൾ സ്കൂൾ പ്രിൻസിപ്പൽ എസ് പുഷ്പവല്ലി എന്നിവരടങ്ങുന്ന പുരസ്കാര നിർണയ സമിത ഏകകണ്ഠമായാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. 

അവാർഡ് ജേതാക്കൾക്ക് പ്രശംസ ഫലകവും, രണ്ട് ലക്ഷം രൂപ വീതം ക്യാഷ് പ്രൈസും നൽകും .ജൂൺ  23 ന് വൈകുന്നേരം 5 ന്  തമ്പാനൂർ ഹോട്ടൽ ഹൈസിന്ത് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പുരസ്കാര ദാന ചടങ്ങിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്  ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരം നൽകും. ട്രസ്റ്റ് ചെയർമാൻ  റ്റി പി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിക്കുകയും പാറശ്ശാല എം എൽ എ സി കെ ഹരീന്ദ്രൻ ആശംസകൾ അർപ്പിക്കുകയും ചെയ്യും. ചടങ്ങിൽ  റ്റി പി ശ്രീനിവാസൻ എഴുതിയ “ഡിപ്ലോമസി ലിബറേറ്റഡ്” എന്ന പുസ്തകം ജസ്റ്റിസ്  ദേവൻ രാമചന്ദ്രന് നൽകി, രാജീവ് ചന്ദ്രശേഖർ പ്രകാശനം നിർവഹിക്കും.

Related Articles

Back to top button