അവാർഡിൻറെ നിറവിൽ മാവേലിക്കര സബ് ആർ.റ്റി ഓഫീസ്
മാവേലിക്കര- സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ സർകാർ ഓഫീസ് എന്ന ബഹുമതി നേടിയ മാവേലിക്കര സബ് ആർ.ടി ഓഫീസിനുള്ള പുരസ്കാരം അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു സമ്മാനിച്ചു. തൃശ്ശൂരിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്തി പത്രവും ശില്പവും ഇരുപത്തിഅയ്യായിരം രൂപയും അടങ്ങുന്ന പുരസ്കാരം മാവേലിക്കര ജോയിൻറ് ആർ.ടി.ഓ എം.ജി മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രമോദ്.കെ.എസ്, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജു.പി.ചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കഴിഞ്ഞ കാലങ്ങളിലായി മാവേലിക്കര സബ് ആർ.ടി ഓഫീസ് നടത്തിയ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ ഓഫീസ് എന്ന പദവി മാവേലിക്കര സബ് ആർ.ടി ഓഫീസിനെ തേടിയെത്തിയത്. ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് മാസ്റ്റർ മുഹമ്മദ് യാസീൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മാവേലിക്കര സബ് ആർ.ടി ഓഫീസിൻറെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ദേശീയ പതാക ഉയർത്തിയത് മുഹമ്മദ് യാസീൻ ആയിരുന്നു. അന്നേദിവസം മുഹമ്മദ് യാസീൻ കീബോർഡിൽ തീർത്ത സംഗീത വിരുന്ന് ഏറെ ഹൃദ്യമായിരുന്നു. ഒട്ടനവധി ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളാണ് ഓഫീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. അനവധി ഭിന്നശേഷി വ്യക്തിത്വങ്ങളെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ ഓഫീസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മാവേലിക്കര സബ് ആർ.ടി ഓഫീസിന്റെ ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങളെ ചടങ്ങിൽ വച്ച് മന്ത്രി ആർ.ബിന്ദു പ്രശംസിക്കുകയും ചെയ്തു. ഭിന്നശേഷി വ്യക്തികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന രീതിയിലുള്ള ഒട്ടനവധി കലാപ്രകടനങ്ങളും വേദിയിൽ നടന്നു.