അവയവ കച്ചവടം…. പ്രധാന ഇരകൾ യുവാക്കൾ….ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്…
അവയവക്കടത്തുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നെടുമ്പാശ്ശേരിയില്‍ കഴിഞ്ഞ ദിവസം പിടിയിലായ സബിത്ത് നാസറിന്‍റെ മൊഴിയാണ് നിര്‍ണായകമായ വിവരങ്ങള്‍ക്ക് ആധാരം. അവയവക്കടത്ത് നടത്തി എന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സാമ്പത്തിക ലാഭം കാട്ടി ഇരകളെ സ്വാധീനിച്ച് ഇറാനിലേക്ക് കടത്തി അവയവക്കച്ചവടം നടത്തി. ഇത്തരത്തില്‍ പാലക്കാട് തിരുനെല്ലായി സ്വദേശിയായ ഷമീര്‍ എന്ന യുവാവിനെ അവയവക്കച്ചടവത്തിനായി ഇറാനിലെത്തിച്ചു എന്നും സബിത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഷമീറിനെ അന്വേഷിച്ച് പൊലീസ് പാലക്കാട് എത്തിയെങ്കിലും പാസ്പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുമ്പ് തന്നെ നാട് വിട്ടെന്ന വിവരമാണ് കിട്ടിയത്. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അന്നെന്നും ഇയാളുടെ നാട്ടുകാര്‍ അറിയിച്ചു.
അവയവക്കടത്തിനായി പ്രധാനമായും യുവാക്കളെ കണ്ടെത്തുന്നത് ഹൈദരാബാദ്, ബെംഗലൂരു പോലുള്ള നഗരങ്ങളില്‍ നിന്നാണത്രേ. ഇരകള്‍ക്ക് 6 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി നല്‍കുകയെന്നും സബിത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അവയവക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ സബിത്ത് നാസര്‍ വഴി സംഘത്തിലേക്ക് മുഴുവനായി എത്തിപ്പെടാൻ സാധിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പാലക്കാട് സ്വദേശിക്ക് പുറമെ അവയവക്കടത്തില്‍ ഇരകളായ 19 ഉത്തരേന്ത്യക്കാരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്‍റായി മാറിയെന്നാണ് സബിത്ത് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.