അലമുറയിട്ട് കരഞ്ഞ വയോധികയ്ക്ക് ചേർത്തലയുടെ പുണ്യം
ചേർത്തല: സ്വർണ്ണമാല നഷ്ടപ്പെട്ട് അലമുറയിട്ട് കരഞ്ഞ കൊട്ടാരക്കര സ്വദേശിനി വയോധികയ്ക്ക്ചേർത്തലയുടെ പുണ്യം. കൊട്ടാരക്കര മൈലം പള്ളിയ്ക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്ക് ചേർത്തല സ്വദേശിയായ ശ്രീലതയാണ് സ്വന്തം വളകൾ ഊരി നൽകിയത്. പരേതനായ മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത. കൊട്ടാരക്കര പട്ടാഴി ക്ഷേത്രനടയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. രണ്ട് പവൻ വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ട സുഭദ്രയുടെ നിലവിളിയാണ്ശ്രീലതയുടെ മനസ്സലിയിച്ചത്. ഈ സമയം ഇവിടെയെത്തിയ ശ്രീലത കൈയിൽ കിടന്ന രണ്ട് സ്വർണ്ണ വളകൾ നൽകി സുഭദ്രയെ ആശ്വസിപ്പിച്ച് ആൾക്കൂട്ടത്തിലേയ്ക്ക് മറഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരേതനായ മോഹനൻ വൈദ്യരുടെ ഭാര്യ ശ്രീലതയാണെന്ന് തിരിച്ചറിഞ്ഞത്. വയോധികയായസ്ത്രീയുടെ സങ്കടം കണ്ടാണ് വളകൾനൽകിയതെന്ന് ശ്രീലത പറഞ്ഞു.