അരൂർ ക്ഷേത്രം ജംഗ്ഷന് സമീപം കഞ്ചാവ് പിടികൂടിയ കേസ്..മൂന്നാമനും അറസ്റ്റിൽ…
അരൂർ: അരൂർ ക്ഷേത്രം ജംഗ്ഷന് സമീപം കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നാമനും അറസ്റ്റിൽ. കഴിഞ്ഞ മാസം 18ന് അരൂർ ക്ഷേത്രം ജംഗ്ഷന്റെ കിഴക്കുവശം വാടകവീട്ടിൽ നിന്നും അരൂർ പോലീസ് ഒറീസ സ്വദേശികളായ രണ്ടുപേരിൽ നിന്നും 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലാണ് പ്രധാനി പിടിയിലായത്. കേരളത്തിലേക്ക് കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിൽ പ്രധാനിയായ ദമ്പാറു ഹെയിൽ ആണ് പോലീസിന്റെ പിടിയിലായത്.
ഒഡീഷയിലെ റായിഗഡ് ജില്ല കേന്ദ്രീകരിച്ച് കൃഷി നടത്തി കേരളത്തിലേക്കും മറ്റും കഞ്ചാവ് കയറ്റി അയക്കുന്നതിൽ പ്രധാനിയെയാണ് പിടികൂടിയ ദമ്പാറു ഹെയിൽ . കഴിഞ്ഞ 3 മാസമായി ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കയറ്റി അയക്കുന്നു എന്നുള്ളതാണ് ലഭിച്ച വിവരം. മാവോയിസ്റ്റ് സാന്നിധ്യം ഉള്ള ഈ മേഖലയിൽ നിന്നും അരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിജു പി എസ് സി നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്യാംജിത്ത്, വിജേഷ്, ഷുനൈസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.