അരൂർ ഉയരപ്പാത നിർമാണം.. യാത്രികർക്കും പ്രദേശവാസികൾക്കും വിനയായി ‘പൊടി’…
അരൂര്‍: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ യാത്രികര്‍ക്കും നാട്ടുകാർക്കും ദുരിതമായി പൊടി ഉയരുന്നു. മഴയൊഴിഞ്ഞതോടെയാണ് വാഹനങ്ങള്‍ തമ്മില്‍ കാണാന്‍ കഴിയാത്ത രീതിയിൽ പൊടി ഉയരുന്നത്. പൊടിശല്യം ഒഴിവാക്കാന്‍ റോഡ് നനക്കുമെന്ന് നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടന്നിട്ടില്ല.
പലയിടത്തും കടക്കാരും വീട്ടുകാരുമൊക്കെയാണ് റോഡിൽ വെളളം തളിക്കുന്നത്. എന്നാല്‍ നിരന്തരം വാഹനങ്ങളോടുന്നതും വെയിലും കാരണം നനക്കുന്നയിടം പെട്ടന്ന് തന്നെ ഉണങ്ങുന്ന സ്ഥിതിയാണ്. പൊടി ഏറെയും ഇരുചക്രവാഹനയാത്രികരേയും കാൽനടക്കാരെയുമാണ് ബാധിക്കുന്നത്.
സിമന്റ് പൊടിയും പൈലിങ്ങിന് ഉപയോഗിക്കുന്ന ദ്രാവകവും അടങ്ങിയ പൊടിയായതിനാല്‍ പലര്‍ക്കും കണ്ണിന് ഉൾപ്പെടെ മറ്റ് അലര്‍ജി അനുഭവപ്പെടുന്നുണ്ട്. നിർമാണ പ്രവർത്തനം തുടങ്ങിയ നാൾ മുതൽ ദേശീയ പാതക്കരികിലെ വീട്ടുകാർ അടച്ചുപൂട്ടിയാണ് അകത്തിരിക്കുന്നത്. റോഡിനു ഇരുവശവുമുള്ള തട്ടുകടകളടക്കം ഭൂരിഭാഗം ഭക്ഷണശാലകളും മറ്റ് കടകളും പൊടി കാരണം പൂട്ടിയ അവസ്ഥയുമാണ്.