അരൂരിലെ കൊലപാതകം..പ്രതി പിടിയിൽ..കൊലക്ക് കാരണം…
അരൂർ:എരമല്ലൂർ എൻ വീസ് ബാറിന് സമീപമുള്ള പൊറോട്ടാ കമ്പനിയിൽ ജോലി നോക്കിയിരുന്ന കോട്ടയം മണർകാട് സ്വദേശിയായ ജയകൃഷ്ണൻ എന്നയാളെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി അരൂർ പോലീസിന്റെ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുത്തിയതോട് പി ഒ.യിൽ പുന്നവേലി നികര്‍ത്ത് വീട്ടിൽ പ്രകാശൻ മകൻ 23 വയസ്സുള്ള പ്രേംജിത്താണ് അരൂർ പോലീസിന്റെ പിടിയിലായത്.ഇന്ന് വെളുപ്പിനെ 4.30 മണിയോടെ എരമല്ലൂർ എൻ വീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാർ എന്ന പൊറോട്ട കമ്പനിയിലാണ് നാടിനെ നടുക്കുന്ന കൊലപാതകം ഉണ്ടായത്. കമ്പനിയിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട സപ്ലൈ ചെയ്യുന്ന ജയകൃഷ്ണന്റെ വാഹനത്തിലേ സഹായിയാണ് പ്രതിയായ പ്രേംജിത്.
കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറി, കൊലപാതകാശ്രമം, മുതലായ കേസുകളിൽ പ്രതിയായിരുന്ന ജയകൃഷ്ണൻ കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാട്ടുകടത്തിയതിനെ തുടർന്നാണ് ഈ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്. ഇവർ ഒരുമിച്ച് സപ്ലൈക്ക് പോകുന്ന സമയങ്ങളിൽ ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. . ഈ കാരണങ്ങൾ കൊണ്ടുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കമ്പനിയിലെ ജോലിക്കാർ വിശ്രമിക്കുന്ന വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന ജയകൃഷ്ണനെ പ്രതി തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്പിപ്പാരകൊണ്ട് തലക്കടിച്ചും കത്തി കൊണ്ട് മുതുകത്തു കുത്തിയുമാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം മുറിയില്‍ ഉപേക്ഷിച്ചുപോയ ആയുധങ്ങള്‍ പോലീസ് കണ്ടെത്തി. ദൃക്സാക്ഷികള്‍ ആരും ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ പരിശോധനയുടെയും സാങ്കേതിക പരിശോധനയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. പോലീസ് കസറ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.




