അരി വില കേട്ട് ഞെട്ടെണ്ട… 25 രൂപയ്ക്ക് ഒരു കിലോ അരി….
തിരുവനന്തപുരം: അരി വിലകുതിച്ചുയരുന്ന സാഹചര്യത്തിൽ ജനങ്ങള്‍ക്ക് ആശ്വാസമായി കിലോയ്ക്ക് 25 രൂപ നിരക്കില്‍ അരി. അതേസമയം അരിവില ഇന്നലേയും കൂടി. വില കുതിച്ചുയര്‍ന്നതോടെ അരി വില്പനയില് കുറവു വന്നുവെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ചമ്പാവരിക്ക് 50 പൈസയും മട്ടയ്ക്ക് 14 പൈസയുമാണ് വര്‍ദ്ധിച്ചത്.
എന്നാൽ 25 രൂപ നിരക്കില്‍ അരി ലഭിക്കുന്ന സപ്ളൈകോയുടെ ഓണച്ചന്തകള്‍ 27 മുതല്‍ സംസ്ഥാനത്ത് തുറക്കും. ജില്ലാ കേന്ദ്രങ്ങളില്‍ മാത്രമല്ല, എല്ലാ നിയോജക മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ ഉണ്ടാകും. സപ്ലൈകോയുടെ ഔട്ട്ലെറ്റുകളോടു ചേര്‍ന്നു ഓണ വിപണന കേന്ദ്രങ്ങള്‍ തുറക്കും. ഇവിടങ്ങളിലെല്ലാം കിലോഗ്രാമിന് 25 രൂപ നിരക്കില്‍ അരി ലഭിക്കും. ഓണത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുവാന്‍ മന്ത്രി ജി.ആര്. അനിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കും. റവന്യൂ, സിവില്‍ സപ്ലൈസ് ലീഗല്‍ മെട്രോളജി വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത മിന്നല്‍ പരിശോധനകളും നടത്തും.