അരവിന്ദ് കെജ്രിവാളിന് തിരിച്ചടി…കസ്റ്റ‍ഡി നാല് ദിവസത്തേക്ക് നീട്ടി….

വിചാരണ കോടതിയില്‍ ഇഡിയുമായുള്ള വാക്പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന്‍റെ ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില്‍ ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. കോടതിമുറിയില്‍ ചൂടൻ വാഗ്വാദം തന്നെയാണ് കെജ്രിവാളും ഇഡിയും തമ്മിലുണ്ടായതെന്ന് പറയാം.

അഭിഭാഷകനെ മറികടന്ന് ഇഡിയോട് കെജ്രിവാള്‍ നേരിട്ട് ചോദ്യങ്ങള്‍ ചോദിച്ചു. രൂക്ഷഭാഷയില്‍ ഇഡിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതോടെ കെജ്രിവാള്‍ കോടതി മുറിയില്‍ ഷോ നടത്തുകയാണെന്ന് ഇഡിയും കുറ്റപ്പെടുത്തി. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കെജ്രിവാൾ കോടതിയെ അറിയിക്കുകയും കോടതി ഇതിന് അനുവാദം നല്‍കുകയുമായിരുന്നു. പറയാനുള്ളത് ആദ്യം എഴുതിനല്‍കാൻ കോടതി പറഞ്ഞെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാള്‍ അറിയിക്കുകയായിരുന്നു.

എല്ലാ അംഗീകാരവും നേടിയാണ് നയം നടപ്പാക്കിയതെന്നും സിബിഐ കുറ്റപത്രത്തിൽ താൻ പ്രതിയല്ല,സാക്ഷികളെ ഭീഷണിപ്പെടുത്തിയാണ് ഇഡി നടപടിയെന്നും കെജ്രിവാള്‍ കോടതിയില്‍ പറഞ്ഞു. 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു, സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണി മുഴക്കി, നൂറ് കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും കെജ്രിവാള്‍ ചോദിച്ചു. അഭിഭാഷകനെ മറികടന്ന് കെജ്രിവാള്‍ തന്നെ നേരിട്ട് സംസാരിക്കാൻ തുടങ്ങിയതോടെ ഇഡി ഇടഞ്ഞു. കെജ്രിവാള്‍ ഷോ കാണിക്കുകയാണെന്നും മുഖ്യമന്ത്രി ആയതിനാല്‍ അല്ല, അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തതെന്നും ഇ‍ഡി കോടതിയില്‍ പറഞ്ഞു.

Related Articles

Back to top button