അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി ഇ.ഡി നീട്ടി ചോദിക്കും. കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഇന്ന് ഉച്ചയോടെയാകും അരവിന്ദ് കെജ്‍രിവാളിനെ ഇ.ഡി ഡൽഹി റോസ് അവന്യു കോടതിയില്‍ ഹാജരാക്കുക. ഇഡി വീണ്ടും കസ്റ്റഡി നീട്ടി ചോദിക്കാനാണ് സാധ്യത. മദ്യനയ കേസില്‍ സത്യം ഇന്ന് കോടതിയില്‍ വെളിപ്പെടുത്തുമെന്ന് കെജ്‌രിവാളിന്‍റെ ഭാര്യ സുനിത പറഞ്ഞത് പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തെളിവ് സഹിതം കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുനിത ഇന്നലെ വ്യക്തമാക്കിയത്.അതേസമയം കെജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.സുർജിത് സിംഗ് യാദവാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി നൽകിയത്.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഇതിന്‍റെ ഭാഗമായി ആം ആദ്മി പാര്‍ട്ടിയുടെ ഗോവ അധ്യക്ഷനടക്കം നാലു പേരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തു ഹാജരാകണമെന്നാണ് നിര്‍ദേശം. നേരത്തെ മദ്യം അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗോവയിലെ സ്ഥാനാർഥികൾ അടക്കം ഇതിൽ പങ്കുണ്ടെന്നും ഇ. ഡി കോടതിയിൽ ആരോപിച്ചിരുന്നു.

Related Articles

Back to top button