അയൽവാസിയായ വയോധികയെ കൊലപ്പെടുത്തിയ കേസിൽ 3 പ്രതികളും കുറ്റക്കാർ….
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂരിൽ വാടക വീട്ടിൽ അയൽവാസിയായ വയോധികയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി സ്വർണം കവർന്ന ശേഷം തട്ടിൻപുറത്ത് ഒളിപ്പിച്ച കേസിൽ 3 പ്രതികളും കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തി. വിഴിഞ്ഞം ടൗൺഷിപ് സ്വദേശി റഫീക്ക ബീവി(50), മകൻ ഷെഫീഖ്(23), ആൺ സുഹൃത്ത് പാലക്കാട് സ്വദേശി അൽ അമീൻ(26) എന്നിവരെയാണ് വിചാരണക്കൊടുവിൽ കുറ്റം ചെയ്തതായി കോടതി കണ്ടെത്തിയത്. മുല്ലൂർ പനവിള തോട്ടം ആലുംമൂട് വീട്ടിൽ ശാന്തകുമാരിയാണ് (75) ദാരുണമായി കൊല്ലപ്പെട്ടത്. 2022 ജനുവരി 16 നാണ് സംഭവം നടന്നത്.
സംഭവ ദിവസം രാത്രി തന്നെ പ്രതികളെ പിടികൂടി
ശാന്തകുമാരിയുടെ സ്വർണാഭരണം കവരാൻ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പൊലീസ് കുറ്റപത്രം. വിസ്താരം കുറഞ്ഞ തട്ടിൻപുറത്ത് ഒളിപ്പിച്ച മൃതദേഹം പുറത്തെടുക്കാൻ ഷീറ്റ് മേഞ്ഞ വാടക വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം പൊളിക്കേണ്ടി വന്നു. കൊല്ലപ്പെട്ട വയോധികയുമായി പ്രതികളിൽ റഫീക്ക ബീവി നല്ല സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടുപ്പം മുതലാക്കി ദിവസങ്ങൾക്കു മുൻപേ കൃത്യം നടത്താൻ തയ്യാറെടുപ്പു നടത്തിയിരുന്നു.
കൊല്ലപ്പെട്ടതാര് എന്നുള്ള ആശയക്കുഴപ്പം, ആശങ്ക… ഒടുവിൽ അമ്മയെ അന്വേഷിച്ചുള്ള മകന്റെ വരവ് സംഭവത്തിന്റെ ദുരൂഹതയും ആശയക്കുഴപ്പവും ഒഴിവാക്കി. ഒപ്പം പ്രതികളെ വേഗം കുടുക്കാനും സഹായിച്ചു. കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മകൻ സനൽകുമാർ പതിവനുസരിച്ച് മാതാവിനെ കാണാനായി സംഭവ ദിവസം എത്തിയെങ്കിലും കാണാനായില്ല. വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺ റിങ് ചെയ്തുവെങ്കിലും എടുത്തില്ല. ക്ഷേത്ര ദർശനത്തിനു പോയെന്നു കരുതി. രാത്രി ബന്ധു വിളിച്ചു പറഞ്ഞ് വെങ്ങാനൂരിലെ താമസ സ്ഥലത്തു നിന്നും വീണ്ടും സനൽ എത്തി.
തിരുവനന്തപുരം വിഴിഞ്ഞത്ത് വയോധികയെ കൊന്ന് വീടിന്റെ മച്ചിലൊളിപ്പിച്ച അമ്മയും മകനും ഒരു വർഷം മുൻപ് മറ്റൊരു കൊലപാതകവും നടത്തി. 2020 ഡിസംബറിൽ മരിച്ച പതിനാലുകാരിയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. പീഡനവിവരം പുറത്തുപറയാതിരിക്കാനാണ് തലക്കടിച്ച് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
2020 ഡിസംബർ 13ന് കോവളത്തിനടുത്ത് പനങ്ങാട് പതിനാലുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതാണ് കൊലപാതകമെന്ന് ഉറപ്പിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപമാണ് റഫീഖാ ബീവിയും മകൻ ഷെഫീഖും വാടകയ്ക്ക് താമസിച്ചിരുന്നത്. കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്ന ഷെഫീഖ് വിവരം പുറത്തറിയാതിരിക്കാനായി തലക്ക് അടിച്ചും ശ്വാസം മുട്ടിച്ചും കൊല്ലുകയായിരുന്നു. പെൺകുട്ടിയെ എടുത്ത് വളർത്തിയിരുന്ന രക്ഷിതാക്കളില്ലാതിരുന്ന സമയമായിരുന്നു കൊലപാതകം.
കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിലുൾപ്പൈട നേതൃത്വം നൽകിയത് പ്രതികൾ തന്നെയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നതായി മൊഴി നൽകി അന്വേഷണം വഴിതിരിച്ചു വിട്ടു. ഇതോടെ ദിവസങ്ങളോളം പൊലീസ് അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം ഏറ്റുപറഞ്ഞത്.