അമ്മൂമ്മയെ മർദിച്ച് ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിന്റെ പിറ്റേദിവസം വീണ്ടും കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു…..
ആലപ്പുഴ: അമ്മൂമ്മയെ മർദിച്ചു പരിക്കേല്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കൊച്ചുമകൻ തൊട്ടടുത്ത ദിവസം അമ്മൂമ്മയെ വീണ്ടും കമ്പിവടികൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചു. സംഭവത്തിൽ കടുവുങ്കൽ കണിയാംമുക്ക് മണിമന്ദിരംവീട്ടിൽ അഖിൽകൃഷ്ണ(26)നെ വള്ളികുന്നം പൊലീസ് അറസ്റ്റുചെയ്തു. അഖിലിന്റെ അച്ഛൻ ഗോപാലകൃഷ്ണപിള്ളയുടെ അമ്മ മീനാക്ഷിയമ്മ (92) പരിക്കുകളോടെ വള്ളികുന്നം തോപ്പിൽഭാസി മെമോറിയൽ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവസമയത്ത് അമ്മൂമ്മയും ചെറുമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാർച്ച് അഞ്ചിന് അഖിൽകൃഷ്ണൻ മദ്യലഹരിയിൽ അമ്മൂമ്മയെ മർദിച്ചു പരിക്കേല്പിച്ചതിന് പൊലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരുന്നതാണ്. ഇയാൾക്കൊപ്പം ഇയാളുടെ അമ്മ ജയശ്രീ(54)യെയും അന്ന് പൊലീസ് അറസ്റ്റുചെയ്ത് റിമാൻഡുചെയ്തിരുന്നു.
അമ്മൂമ്മയെയും അച്ഛന്റെ ജ്യേഷ്ഠസഹോദരൻ കടുവുങ്കൽ രോഹിണി ഹൗസിൽ മണിയൻപിള്ള(72)യെയും അഖിലും അമ്മയും ചേർന്ന് മർദിച്ചിരുന്നു. ഇതേത്തുടർന്നാണ് അറസ്റ്റിലായത്. മീനാക്ഷിയമ്മയെ വീടിനുമുന്നിലും റോഡരികിലുംവെച്ച് അഖിൽ മർദിക്കുന്നത് അന്ന് സാമൂഹികമാധ്യമങ്ങളിൽ വന്നിരുന്നു.