അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി..ഒടുവിൽ പിടിയിൽ…
അമ്മയ്ക്കൊപ്പം നിന്ന 4 വയസുകാരിയെ അച്ഛൻ തട്ടിക്കൊണ്ടുപോയി.ആമ്പല്ലൂരില്‍ താമസിക്കുന്ന സമീറയുടെ മകള്‍ അഹല്യ(നാല്)യെയാണ് വ്യാഴാഴ്ച നഗരത്തില്‍നിന്ന് കാണാതായത്..മണിക്കൂറുകൾ നീണ്ട തെരച്ചിലൊടുവിൽ കുട്ടിയെ സുരക്ഷിതയായി അച്ഛനൊപ്പം കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയത് പിതാവാണെന്ന നിഗമനത്തില്‍ പൊലീസ് നടത്തിയ ഊര്‍ജിത തെരച്ചിലിനൊടുവിലാണ് കുട്ടിയെ രാത്രി പിതാവിനോടപ്പം പാവറട്ടിയില്‍നിന്നും കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് 6.25ന് കുന്നംകുളം നഗരത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ജോലി കഴിഞ്ഞ് തൃശൂരിലേക്ക് പോകുന്നതിനായി കുന്നംകുളത്ത് എത്തിയ അമ്മയും മകളും സമീപത്തെ വ്യാപാരസ്ഥാപനത്തില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ കുട്ടിയെ പെട്ടെന്ന് ഒരാള്‍ എടുത്തുകൊണ്ട് ഓടുകയായിരുന്നുവെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്.തുടർന്ന് പൊലീസ് സമീപത്തെ കടകളിലെ സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങളില്‍ കുട്ടിയെ പിതാവ് പാലക്കാട് കല്ലടിക്കോട് സ്വദേശി ലാലുവാണ് കൊണ്ടുപോയതെന്ന് മനസ്സിലായി.
സമീറയും ലാലുവും ഏതാനും ദിവസങ്ങളായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. പച്ചമരുന്നുകള്‍ പറിച്ച് കുന്നംകുളത്തെ കടയില്‍ കൊടുക്കാനാണ് സമീറ എത്തിയത്. വടക്കാഞ്ചേരി റോഡിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതോടെ ഇവരെ പിന്തുടര്‍ന്നിരുന്ന ലാലു കുട്ടിയുമായി പോകുകയായിരുന്നു.