അമ്മയ്ക്കും മകൾക്കും സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണി
കാസർകോട്: പാലായിയിൽ അമ്മയ്ക്കും മകൾക്കും സി.പി.എം പ്രാദേശിക നേതാക്കളുടെ ഭീഷണിയെന്ന് ആരോപണം. നീലേശ്വരം പാലായി സ്വദേശി രാധയ്ക്കും മകൾക്കുമാണ് ഭീഷണി. സ്ഥലതർക്കത്തെ തുടർന്ന് പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ കയ്യേറ്റം ചെയതുവെന്നും പരാതിയുണ്ട്. എന്നാൽ ആരോപണം സി.പി.എം തള്ളി. ഇന്നലെ രാവിലെ രാധയുടെ പറമ്പിലെ തേങ്ങ ഇടുന്നതിനായി തൊഴിലാളികളുമായി എത്തിയപ്പോൾ സി.പി.എം പ്രാദേശിക നേതാക്കൾ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്ത കുടുംബത്തെ പാർട്ടി സ്വാധീനം ഉപയോഗിച്ച് അവഹേളിച്ചെന്നും ആരോപണമുണ്ട്. സമീപത്തെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി പാർട്ടി ഗ്രാമത്തിൽ കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം.