അമ്മയെ തല്ലിയവനും ന്യായം പറയാനുണ്ടാകും – ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റിനെതിരെ ഐ ഗ്രൂപ്പ്…. എ.ഐ.സി.സി എന്നാൽ കോട്ടത്തോട് സംരക്ഷണ സമിതി എന്നല്ല…..
മാവേലിക്കര- ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അനിവർഗ്ഗീസിൻ്റെ അധികാര മോഹവും ഏകാധിപത്യമനോഭാവവുമാണ് താലൂക്ക് സഹകരണ ബാങ്കിൽ കോൺഗ്രസ്സിന് രണ്ടു പാനൽ ഉണ്ടാകാൻ കാരണമെന്ന് ഐ ഗ്രൂപ്പ് ആരോപിച്ചു. സഹകരണ രംഗത്ത് ഒരു പരിചയവുമില്ലാത്ത അനി വർഗ്ഗീസിന് താലൂക്ക് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് ആകണമെന്ന ചിന്തയാണ് കാര്യങ്ങൾ കുഴപ്പത്തിലാക്കിയത്. പഞ്ചായത്ത് മുനിസിപ്പൽ തെരെഞ്ഞെടുപ്പിനു നേതൃത്വം കൊടുക്കേണ്ട ബ്ലോക്ക് പ്രസിഡൻ്റുമാർ തകർന്ന ബാങ്കിൻ്റെ ബോർഡിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നിർദ്ദേശം സബ് കമ്മറ്റിയിൽ ഉയർന്നുവന്നപ്പോൾ താൻ മത്സരരംഗത്ത് നിന്നും മാറുന്ന പ്രശ്നമില്ലെന്നും മുൻ ബ്ലോക്ക് പ്രസിഡൻ്റുമാരായ കോട്ടപ്പൂറത്ത് വി.പ്രഭാകരൻ പിള്ളയ്ക്കും കല്ലുമല രാജനും ആകാമെങ്കിൽ എനിക്കും ബോർഡംഗമാകണമെന്ന് വാശിപിടിച്ചത് അനിവർഗ്ഗീസാണ്. എന്നാൽ ബാങ്കിന്റെ ബൈലോ പ്രകാരം മൽസരിക്കുന്നതിന് അയോഗ്യതയുള്ളവരാണ് രണ്ട് ബ്ലോക്ക് പ്രസിഡൻ്റ്മാരും യു.ഡി.എഫ് ചെയർമാനും.
ജനറൽ സീറ്റിലേക്ക് 5 പേർക്ക് മാത്രമേ ജയിക്കുവാൻ കഴിയൂ എന്നിരിക്കെ സ്വന്തം പാനലിൽ മാത്രം 7 പേരെ മത്സരിപ്പിച്ച് വിഡ്ഡിത്തം കാട്ടിയ ബ്ലോക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി പിൻമാറിയത് ചുട്ടുതിന്നാനുള്ള വോട്ടു പോലും കിട്ടില്ലെന്ന് മനസിലാക്കിയാണ്. 1158 വോട്ടുകൾ പോൾ ചെയ്തിട്ടും 66, 61, 32 എന്ന ക്രമത്തിലാണ് ഇവർക്ക് വോട്ട് ലഭിച്ചത്. കെ.പി.സി.സി അംഗമായ അഡ്വ.കോശി.എം.കോശി ഒന്നര വർഷം മുൻപ് നൽകിയ മെമ്പർഷിപ്പ് ഫോം എടുത്തു മാറ്റി അദ്ദേഹത്തെപ്പോലും ചതിച്ചവരാണ് മത്സരിക്കാൻ ശ്രമിച്ചത്. എ.ഐ.സി.സി എന്ന് പറഞ്ഞാൽ കോട്ടത്തോട് സംരക്ഷണ സമിതി എന്നല്ലെന്ന് അനിവർഗ്ഗീസ് മനസ്സിലാക്കണം. ബാങ്ക് തെരെഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നത് തെരെഞ്ഞെടുപ്പ് കമ്മറ്റിയാണെന്ന് പോലും അറിയാത്ത ബ്ലോക്ക് പ്രസിഡൻഡുമാർ രാജിവെച്ചൊഴിയണമെന്നും ഐ ഗ്രൂപ്പ് പ്രസ്ഥാനവനയിൽ പറഞ്ഞു.
കഴിഞ്ഞ രണ്ട് ബാങ്ക് തിരഞ്ഞെടുപ്പുകളിലും മുനിസിപ്പൽ തെരഞ്ഞെടുപ്പിലും കോൺഗ്രസിൻ്റെ വിജയശിൽപ്പിയാണ് ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.കെ.ആർ.മുരളീധരൻ. കോൺഗ്രസിന്റെ മാവേലിക്കരയിലെ ശക്തിയും കരുത്തും കെ.ആർ.മുരളീധരനാണെന്ന് ഇന്നലെവരെ വിളിച്ചു പറഞ്ഞു നടന്ന അനി വർഗ്ഗീസ്സിന് താലൂക്ക് സഹകരണ ബാങ്ക് പ്രസിഡൻ്റ് സ്ഥാനത്ത് വരാൻ കഴിയാതെ പോയതിന്റെ നൈരാശ്യത്തിലാണ് ഇപ്പോൾ കെ.ആർ.മുരളീധരനെതിരെ തിരിഞ്ഞിരിക്കുന്നത്. ചർച്ചയിൽ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾക്ക് നൽകി ഡി.സി.സി ഭാരവാഹികളെ ആക്ഷേപിച്ച ബ്ലോക്ക് പ്രസിഡന്റ്മാരായ അനിവർഗ്ഗീസ്, ഹരിപ്രകാശ്, യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ എന്നിവർക്കെതിരെ കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തിന് പരാതി നൽകുമെന്ന് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കണ്ടിയൂർ അജിത്ത്, കൺവീനർ ജസ്റ്റിൻസൺ പാട്രിക് എന്നിവർ അറിയിച്ചു.