അമ്മയെ കൊലപ്പെടുത്തി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് യുവാവ്…

ഗുജറാത്തിലെ രാജ്കോട്ടിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ടിലെ യൂണിവേഴ്‌സിറ്റി റോഡിലെ ഭഗത്‌സിൻഹ്‌ജി ഗാർഡനിലാണ് സംഭവം. ചോദ്യം ചെയ്യലിൽ യുവാവായ നിലേഷ് കൊലകുറ്റം സമ്മതിച്ചു. ആദ്യം കത്തി ഉപയോഗിച്ച് അമ്മ ജ്യോതിബെന്നിനെ ആക്രമിച്ച യുവാവ് പിന്നീട് പുതപ്പുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

കുറ്റം ചെയ്തതിന് ശേഷം, പ്രതി ‘സോറി അമ്മേ.. നിങ്ങളെ ഞാൻ കൊല്ലുന്നു, ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു, ഓം ശാന്തി’ എന്ന അടിക്കുറിപ്പോടെ അമ്മയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ജ്യോതിബെൻ വർഷങ്ങളായി കടുത്ത മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും മകനുമായി വഴക്ക് പതിവാണെന്നും ഇതിൽ മനം മടുത്താണ് കൊലപാതകമെന്നും പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞു.

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ജ്യോതിബെൻ വിവാഹബന്ധം വേർപ്പെടുത്തിയതാണ്. ശേഷം കടുത്ത മനസികരോഗത്തിന് അടിമയായ ജ്യോതിബെൻ സ്ഥിരമായി മരുന്ന് കഴിച്ചിരുന്നു, ഒരു മാസത്തിന് മുമ്പ് മരുന്ന് കഴിക്കൽ നിർത്തിയതോടെ വീണ്ടും മാനസിക സ്ഥിതി വഷളായെന്നും സ്ഥിരമായ വഴക്ക് കൊലപാതകത്തിൽ കലാശിച്ചെന്നും പൊലീസ് പറഞ്ഞു. മകൻ നിലേഷ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്, സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button