അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച പ്രതികൾ പിടിയിൽ…
മേപ്പൂക്കട കോളച്ചിറ മേലെ പുത്തൻവീട്ടിൽ സജീവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങളായ പ്രതികൾ പോലീസ് പിടിയിൽ കേസിലെ ഒന്നാം പ്രതി മലയിൻകീഴ് മേപ്പൂക്കട കണ്ണൻകോട് തേജസ് ഭവനിൽ മനോജ് എന്ന് വിളിക്കുന്ന മണികണ്ഠൻ രാത്രി കാലങ്ങളിൽ സ്ഥിരമായി പരിസരപ്രദേശങ്ങളിലെ വീടുകളുടെ വാതിലിൽ മുട്ടുന്ന വിവരം മനോജിന്റെ ഭാര്യയെ അറിയിച്ചതിലുള്ള വിരോധത്തിലാണ് മനോജും സഹോദരൻ മുരുകനും സജീവിനെയും അമ്മയെയും മർദ്ദിച്ചത്. ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. കൂട്ടുകാരോടൊപ്പം മുണ്ടുകോണം എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ പോയി മടങ്ങി വരികയായിരുന്ന സജീവിനെ ഞായറാഴ്ച വൈകിട്ട് 4ന് പൂങ്കോട് ഭജനമഠത്തിലേക്ക് പോകുന്ന വഴിയിൽ കണ്ണംകോട് പാലത്തിന് സമീപം വച്ച് മനോജും മുരുകനും കണ്ടാലറിയാവുന്ന രണ്ടുപേരും ചേർന്ന് തടഞ്ഞുനിർത്തി അസഭ്യം പറയുകയും മരച്ചീനി കമ്പുകൊണ്ട് മുതുകിൽ അടിക്കുകയും ചെയ്തു. അടികൊണ്ട് സജീവ് വീട്ടിലേക്ക് ഓടിക്കയറിയപ്പോൾ മനോജും കൂട്ടരും പുറകെ ഓട്ടോറിക്ഷയിലും ബൈക്കിലുമായി പിന്തുടർന്ന് വീട്ടിൽ കയറി സജീവിനെയും അമ്മയെയും ജാക്കി ലിവറായി ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികൊണ്ടും മരച്ചീനി കമ്പുകൊണ്ടും ആക്രമിക്കുകയായിരുന്നു. സജീവിന്റെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കുറ്റകരമായ നരഹത്യ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദ്ദേശാനുസരണം മലയിൻകീഴ് എസ് എച്ച് ഒ. നിസാമുദ്ദീൻ, എസ് ഐമാരായ, ശശികുമാരൻ നായർ, ഗോപകുമാർ, സിപിഒമാരായ ഷിജു ലാൽ, അജിത്ത്, സതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കാട്ടാക്കട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.