അമ്മയുടെ മുന്നിലിട്ട് മകളെ കൂട്ടബലാത്സംഗം ചെയ്തു
പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നർത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയാണ് ഇരുവരും അതിക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ മർദ്ദിച്ചു ഫോണും പണവും കവർന്നെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും ഒളിവിൽ പോയ മറ്റു പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ഝാർഖണ്ഡിലെ ദിയോഗറിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജാർഖണ്ഡ് സർക്കാരും വ്യക്തമാക്കി.
യുവതിയും അമ്മയും മധുപൂർ ഭാഗത്തേക്ക് നടന്നു പോകുമ്പോഴാണ് പ്രതികളായ യുവാക്കൾ ബൈക്കിൽ എത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇവർ പെൺകുട്ടിയെ ബലംപ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ മൊബൈൽ ഫോണിലൂടെ പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ പ്രതികളിലൊരാൾ അത് തട്ടിയെടുക്കുകയും 5000 രൂപയുണ്ടായിരുന്ന ബാഗ് കവർന്നെടുക്കുകയും ചെയ്തുവെന്ന് ഇരയുടെ അമ്മ പറയുന്നു.