അമ്മയുടെയും മകളുടെയും മരണകാരണം അമിതമായി മരുന്ന് ഉള്ളിൽ ചെന്നത്..പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…

നന്ദിയോട് അമ്മയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അമിതമായി രക്തസമ്മർദത്തിനുള്ള ഗുളിക ഉള്ളിൽ ചെന്നതാണ് മരണ കാരണമെന്ന് പൊലിസ് .തങ്ങൾക്കെതിരായ വസ്തു കേസിലെ വിധിയിൽ കടുത്ത മാനസിക സംഘർഷത്തിലായതിനെ തുടർന്ന് ഗുളികകൾ അമിതമായി കഴിച്ചതോ,അല്ലങ്കിൽ മരിക്കണമെന്ന ചിന്തയിൽ അമിതമായി കഴിച്ചതോ ആവാമെന്നും മറ്റു ദുരൂഹതകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ഇല്ലെന്നും പാലോട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ(88), മകൾ ഗീത( 59) എന്നിവരെ വിട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തങ്ങളുടെ വസ്തുവുമായി ബന്ധപ്പെട്ടു കോടതിയിൽ ഉണ്ടായിരുന്ന കേസ് പരാജയപ്പെട്ടതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
40 വർഷം മുൻപ് നന്ദിയോട് സ്വദേശിയിൽ നിന്ന് വാങ്ങിയ 32 സെന്റ് വസ്തുവിൽ ഓഹരി ഉടമകളിൽ ഒരാൾ ഒപ്പിട്ടിരുന്നില്ല. ഇയാൾ പിന്നീട് കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട വാദത്തിനു ശേഷം 4 ദിവസത്തിനു മുൻപ് 12 സെന്റ് വസ്തു ആ ഓഹരി ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവായിരുന്നു.ഗീത ഹാളിലും, സുപ്രഭ അകത്തെ മുറിയിലും ആണ് മരിച്ചു കിടന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.

Related Articles

Back to top button