അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം പൊളിച്ച് നീക്കില്ല..
അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം തൽക്കാലം പൊളിച്ചു നീക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെ ഹൈക്കോടതി പൊലീസിനോടും സ്ഥലം റിസീവറോഡും റിപ്പോർട്ട് തേടി.റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മേയ് 20ന് കോടതി കേസ് വീണ്ടും പരിഗണിക്കും. സ്വകാര്യ ട്രസ്റ്റിന്റെ തട്ടിപ്പിന്റെ പേരിലാണ് ശ്രീനാരായണ ഗുരുമന്ദിരം പൊളിച്ച് നീക്കാന്‍ ശ്രമമെന്നായിരുന്നു ആരോപണം.
ദേശീയപാതയിൽ അമ്പലപ്പുഴ കാക്കാഴത്ത് സ്ഥിതിചെയ്യുന്ന 70 വർഷം പഴക്കമുള്ള ഗുരുദേവമന്ദിരം ഞാറാഴ്ച പൊളിച്ച് നീക്കാനായിരുന്നു ശ്രമം .കോടതി ഉത്തരവോടെ മന്ദിരം പൊളിച്ചുനീക്കാൻ റിസീവറും പൊലീസും സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു .എന്നാൽ ഗുരുമന്ദിരത്തിന് മുന്നിൽ പ്രാർത്ഥനായജ്ഞം നടത്തി നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പ്രതിഷേധിക്കുകയായിരുന്നു .നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പൊളിച്ചുനീക്കാൻ എത്തിയവർക്ക് മടങ്ങേണ്ടി വന്നു. ഇതിനിടയിൽ വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. പൊലീസിനോടും സ്ഥലം റിസീവറോടുമാണ് റിപ്പോർട്ട് തേടിയത്.
നിക്ഷേപകരുടെ പണം തിരികെ നൽകാനാണ് ദേശീയപാതയ്ക്കരികിലെ കോടികൾ വിലവരുന്ന സ്ഥലം ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിൽക്കുന്നതെങ്കിലും നിക്ഷേപകരുടെ കൃത്യമായ വിവരങ്ങൾ പോലും റിസീവറുടെ പക്കൽ ഇല്ലെന്നും ആരോപണമുണ്ട്.അതേസമയം കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകും വരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെയും വിശ്വാസികളുടെയും തീരുമാനം.