അമ്പലപ്പുഴയിൽ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം..മോഷ്ടാവ് പിടിയിൽ…
അമ്പലപ്പുഴ: ഹൈവേയിലെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം.പ്രതി പിടിയിൽ. നീർക്കുന്നം പുതുവൽ വീട്ടിൽ വിക്രമൻ്റെ മകൻ അജിത്ത് (37) ആണ് പൊലീസിൻ്റെ കസ്റ്റഡിയിലായത്.അജിത്ത് ഒന്നാം തീയതി പുലർച്ചെ ഒരു മണിയോടെ സുഹൃത്തുമൊത്ത് സ്കൂട്ടറിൽ എരമല്ലൂരിൽ നിന്നും ഓച്ചിറ വരെ പോകുന്നതിനിടയിൽ ആയിരുന്നു മോഷണം നടത്തിയത്. ഹൈവേ ഭാഗത്ത് ഗേറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നതായി കണ്ടാൽ പ്രതികൾ സ്കൂട്ടർ നിർത്തി ആ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പറവൂർ ചിന്മയ സ്കൂളിന് സമീപം നിതിൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇവർ മെയ് മാസം ഒന്നാം തീയതി പുലർച്ചെ മോഷണം നടത്തിയത്. രാത്രി കറണ്ട് ഇല്ലാതിരുന്നതിനാൽ കുട്ടികളുമൊത്ത് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു പരാതിക്കാരൻ. ഈ സമയം മോഷ്ടാക്കൾ പറവൂരുള്ള പരാതിക്കാരന്റെ വീട് പാര ഉപയോഗിച്ച് കുത്തി തുറക്കുകയും, കുഞ്ഞിൻ്റെ ആഭരണവും പരാതിക്കാരൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന ഷൂസും വാച്ചും കത്തികളും ഉൾപ്പെടെ 25000 രൂപയോളം വിലവരുന്ന സാധനങ്ങളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു .
തുടർന്ന് സി.സിടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീന് മോഷ്ടാക്കളെ കുറിച്ചുള്ള സൂചന ലഭിച്ചു. ഉപയോഗിച്ച വാഹനവും മോഷ്ടിച്ചെടുത്ത സ്വർണവും കത്തികളും കണ്ടെടുത്തു. മോഷ്ടിച്ചെടുത്ത സ്വർണ്ണം ഇയാൾ തന്റെ മകളുടെ പഠന ആവശ്യത്തിനാണെന്ന് പറഞ്ഞ് ജ്വല്ലറിയിൽ എത്തി തെറ്റിദ്ധരിപ്പിച്ച് വിൽക്കുകയായിരുന്നു. കൂട്ടുപ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജതമാക്കി. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.