അമ്പലപ്പുഴയിൽ കടൽക്ഷോഭം രൂക്ഷം….3 വീടുകൾ കടലെടുത്തു….
അമ്പലപ്പുഴ: രണ്ടു ദിവസമായി തുടരുന്ന കടൽക്ഷോഭം ബുധനാഴ്ച വൈകിട്ടോടെ ശക്തമായി. അമ്പലപ്പുഴ വടക്കു പഞ്ചായത്ത് 13, 14 വാർഡുകളിലാണ് കടൽക്ഷോഭം രൂക്ഷമായത്.ഈ ഭാഗത്ത് ഒരു കിലോമീറ്റർ കടൽഭിത്തിയില്ല. പതിനാലാം വാർഡിൽ കടൽഭിത്തി അറ്റകുറ്റപണി നടത്താത്തതിനാൽ തകർന്നു കിടക്കുകയാണ്. കൂറ്റൻ തിരമാലകൾ ഇരച്ചുകയറി 3 വീടുകൾ തകർത്തു.10 ഓളം വീടുകൾ തകർച്ചാഭീഷണിയിലാണ്.
അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പതിനാലാം വാർഡ് കാക്കാഴം പുതുവലിൽ അശോകൻ, സുരേന്ദ്രൻ, ദിവാകരൻ എന്നിവരുടെ വീടുകളാണ് കടൽ എടുത്തത്.ദിവാകരൻ്റെ വീട് തകർന്ന് മകൾ കവിത (46) യ്ക്ക് തലയ്ക്ക് പരിക്കേറ്റു. മേൽക്കൂരയിലെ തടികൾ വീണാണ് പരിക്കേറ്റത്.ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാജേഷ്, കവിത, രത്നാകരൻ, സനീഷ്, സനൽകുമാർ തുടങ്ങിയ 10 ഓളം കുടുംബങ്ങൾ തകർച്ചാഭീഷണി നേരിടുകയാണ്.