അമ്പലപ്പുഴയിൽ കടവിൽ കെട്ടിയിട്ടിരുന്ന വളളത്തിൽ നിന്നും മോട്ടോർ എൻജിൻ മോഷ്ടിച്ചു..മോഷ്ടാക്കൾ പിടിയിൽ…
അമ്പലപ്പുഴ: പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടാശ്ശേരി ആറ്റുകടവിൽ കെട്ടിയിട്ടിരുന്ന വളളത്തിൽ ഫിറ്റ് ചെയ്തിരുന്ന 34,000 രൂപ വിലയുളള മോട്ടോർ എൻജിൻ മോഷ്ടിച്ച പ്രതികൾ പിടിയിൽ. വെളിയനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നുംകരി പുല്ലംകൊച്ചിക്കരി ചിറയിൽ അഖിൽ മാത്യു, ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പുഴവത്ത് ചിറയിൽ വീട്ടിൽ പ്രനൂപ്, വെളിയനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കുന്നുംകരി മുറിയിൽ പുല്ലംകൊച്ചിക്കരി ചിറയിൽ ഉണ്ണി എന്നു വിളിക്കുന്ന ബാജിയോ എന്നിവരാണ് പിടിയിലായത് .
17.07.24 തീയതി രാത്രി 11.30 മണിക്കും 18.07.24 തീയതി രാവിലെ 7 മണിക്കും ഇടയിൽ തട്ടാശ്ശ്രേരി സ്വദേശി ജോസ് ആൻറണിയുടെ ഉടമസ്തതയിലുളള വളളത്തിൽ നിന്നാണ് മോട്ടോർ എൻജിൻ മോഷണം പോയത്. മോഷണം ചെയ്തെടുത്ത മോട്ടോർ എൻജിൻ ആലപ്പുഴ ഭാഗത്തുളള കടയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയാണ് പ്രതികൾ പിടിയിലായത്.പ്രതികൾ കൈനടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അന്നേ ദിവസം തന്നെ മറ്റൊരു വളളത്തിൽ നിന്നും മോട്ടോർ എൻജിൻ മോഷണം ചെയ്തതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ സമാനരീതിയിലുളള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി വരുന്നതായും പുളിങ്കുന്ന് പോലീസ് അറിയിച്ചു.