അമ്പലപ്പുഴയിൽ കടലേറ്റം ശക്തമായി..പുന്നപ്ര ഫിഷ് ലാൻ്റ് തകർച്ചാ ഭീഷണിയിൽ…
അമ്പലപ്പുഴയുടെ വിവിധ തീരങ്ങളിൽ കടലേറ്റം ശക്തമായി തുടരുന്നു. ഞായറാഴ്ച രാവിലെ മുതലാണ് ശാന്തമായ തീരം പ്രഷ്ബുദ്ധമായത്. കേന്ദ്ര കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യ ബന്ധനത്തിന് പോയ ചിലവള്ളങ്ങൾ തോട്ടപ്പള്ളി ഹാർബറിൽ അടുപ്പിച്ചു. പുന്നപ്ര ഫിഷ് ലാൻ്റ് സെൻ്റർ ഏതു സമയവും കടലെടുക്കുന്ന അവസ്ഥയിലാണ്.30 മീറ്റർ ദൂരമാത്രമാണ് ഇനി ഫിഷ് ലാൻ്റ് സെൻ്ററും, കടലുമായുളളത്.ഇവിടെ തീരത്തേക്ക് പാകിയ തറയോടുകൾ തിരമാലകൾ അടിച്ച് കടലിലേക്ക് ഒഴുകിപ്പോയി. മത്സ്യതൊഴിലാളികളുടെ വള്ളങ്ങൾ, വലകൾ ഉൾപ്പടെ വില പിടിപ്പുള്ള നിരവധി ഉപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഫിഷ് ലാൻ്റ് സെൻ്റർ തകർന്നാൽ ഇവയും നഷ്ടമാകും.
ഫിഷ് ലാൻ്റ് സെൻ്ററിന് മുന്നിലുണ്ടായിരുന്ന നിലം പൊത്താറായ ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ ദിവസം അധികൃതർ ഇളക്കി ഇവിടെ നിന്ന് മാറ്റിയതിനാൽ ലക്ഷങ്ങളുടെ നാശം ഒഴിവായി.
പുറക്കാട്, കരൂർ, ആനന്ദേശ്വരം, കാക്കാഴം, വളഞ്ഞവഴി, വണ്ടാനം മാധവൻ മുക്ക്, പൂമീൻ പൊഴി, പുന്ന പ്രചള്ളി, വിയാനി, സമരഭൂമിനർ ബോണ, പറവൂർ ഗലീലിയ, വാടക്കൽ അറപ്പ പൊഴി മൽസ്യഗന്ധി, വട്ടയാൽ വാടപ്പൊഴി തുടങ്ങിയ തീരങ്ങളിലെല്ലാം കടൽശക്തമാണ്. ഞായറാഴ്ച വൈകിട്ടോടെ പടിഞ്ഞാറ് പുറംകടലിൽ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ ശക്തിയാർജിച്ച് കരയിലേക്ക് ആഞ്ഞടിക്കുകയാണ്. പുന്നപ്ര ചള്ളി ഫിഷ് ലാൻ്റ് സെൻ്റർ ഭാഗത്ത് മീറ്ററുകളോളം കടൽ തീരം കവർന്ന് ഇരച്ചുകയറുന്നത് ഇവിടെ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾക്കും പൊന്തുകൾക്കും ഭീഷണിയായി.