അബിഗേല്‍ സാറയെ കൊണ്ടുവന്നത് മാസ്ക് ധരിപ്പിച്ച്.. മൈതാനത്തിരുത്തി സ്ത്രീ കടന്നുകളഞ്ഞു…
കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്തിരുന്ന അബിഗേല്‍ സാറയെ ആദ്യം തിരിച്ചറിഞ്ഞത് കോളേജ് വിദ്യാര്‍ത്ഥികള്‍. നാട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ അബിഗേല്‍ സാറയെ മാസ്ക് ധരിപ്പിച്ചായിരുന്നു മൈതാനത്തിരുത്തി സ്ത്രീ കടന്നുകളഞ്ഞത്. കുട്ടിയെ ആദ്യം കാണുമ്പോള്‍ ഒരു യുവതിയും കൂടെയുണ്ടായിരുന്നുവെന്ന് നാട്ടുകാരും വിദ്യാര്‍ത്ഥികളും പറഞ്ഞു. ആദ്യം സ്ത്രീക്കൊപ്പം മൈതാനത്ത് കുട്ടിയെ കണ്ടവര്‍ക്ക് സംശയം തോന്നിയിരുന്നില്ല. തിരക്കേറിയ സമയമായതിനാല്‍ തന്നെ പലരും ഇവിടെയെത്താറുള്ളതാണ്.
എന്നാല്‍, കുട്ടിയെ ഇരിപ്പിടത്തിലിരുത്തിയ ശേഷം തിരിഞ്ഞുനോക്കാതെ സ്ത്രീ പോവുകയായിരുന്നു. കുട്ടിയുടെ അച്ഛനെ വിളിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് സ്ത്രീ അവിടെ നിന്നും പോയതെന്ന് വിദ്യാര്‍ത്ഥികല്‍ പറഞ്ഞു. ഇതോടെ സംശയം തോന്നിയ വിദ്യാര്‍ത്ഥികള്‍ ഫോണില്‍ അബിഗേലിന്‍റെ ചിത്രം നോക്കുകയായിരുന്നു. മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച ചിത്രങ്ങള്‍ നോക്കി ഉറപ്പാക്കിയ ശേഷം മാസ്ക് മാറ്റി നോക്കിയപ്പോഴാണ് അബിഗേല്‍ സാറായാണെന്ന് വ്യക്തമായത്. തുടർന്ന് വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ നാട്ടുകാരും ഇവിടേക്ക് എത്തി ആവശ്യമായ ഇടപെടല്‍ നടത്തി.