അബിഗേലുമായി യുവതി ആശ്രാമം മൈതാനത്തെത്തിയത് ഓട്ടോറിക്ഷയിൽ.. ഓട്ടോറിക്ഷാ ഡ്രൈവർ…
കൊല്ലം: ഓയൂരിൽ നിന്നും കാണാതായ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഇത് പ്രകാരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് മനസിലായി.
ഇതിന് പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറിയതാണ് ഇവരെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കിയെന്നും ഓട്ടോറിക്ഷാ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു.