അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും – ശോഭാ സുരേന്ദ്രന്‍
മാവേലിക്കര: അപ്പര്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ നെല്ല് കൊടുത്ത് പണത്തിനായി കാത്തിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്ര കൃഷി മന്ത്രിയുടെ മുന്നില്‍ എത്തിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മയുടെ നേത്യത്വത്തില്‍ മാവേലിക്കര എസ്.ബി.ഐ റീജണല്‍ ഓഫിസിന് മുന്നില്‍ നടത്തിയ പ്രധിഷേധ ധര്‍ണ്ണയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ലോണ്‍ സംവിധാനം ഒഴിവാക്കി കര്‍ഷകര്‍ക്ക് വിളവെടുപ്പ് നടത്തി നെല്ല് കൊടുക്കുന്ന സമയത്ത് തന്നെ നബാര്‍ഡിനെകൊണ്ട് പണം നല്‍കിക്കുന്ന പദ്ധതിയ്ക്കായി അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍ കര്‍ഷക കൂട്ടായ്മക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
യോഗം അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മ പ്രസിഡന്റ് ഗോപന്‍ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്ക് കാനറാ ബാങ്ക് പണം നല്‍കാന്‍ തയ്യാറായപ്പോള്‍ എസ്.ബി.ഐ പി.ആര്‍.എസ് ലോണ്‍ നല്‍കാന്‍ തയ്യാറാവാത്തതും കാലതാമസം വരുത്തുന്നതിലും പ്രതിഷേധം അറിയിച്ചു. അപ്പര്‍ കുട്ടനാട് സ്വതന്ത്ര നെല്‍കര്‍ഷക കൂട്ടായ്മ രക്ഷാധികാരി സ്റ്റീഫന്‍ തോമസ് അദ്ധ്യക്ഷനായി. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായ രാജന്‍ കന്യേത്തറ, ദീപുപടകത്തില്‍, തോമസ് കുറ്റിശ്ശേരില്‍, തോമസ്‌കുട്ടി കടവില്‍, ശിവരാജന്‍ ഉമ്പര്‍നാട്, മധുകരിപ്പുഴ, തോമസ് കോശി, എം.എസ്. മോഹനന്‍, കെ.ജി.മോഹനന്‍, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ സെക്രട്ടറി സുരേഷ് പായിപ്പാട് സ്വാഗതവും ട്രഷറര്‍ വിജയന്‍ വേലു നന്ദിയും പറഞ്ഞു. നൂറ് കണക്കിന് കര്‍ഷകര്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിന് സമീപത്ത് നിന്ന് പ്രകടനമായിട്ടെത്തിയാണ് ധര്‍ണ്ണ നടത്തിയത്.