‘അന്‍വര്‍ തലൈവര്‍ക്ക് തോഴന്‍’.. ഡിഎംകെ പതാകയേന്തിയവര്‍ സദസിലേക്ക്… അന്‍വറിന്റെ മുഖം ആലേഖനം ചെയ്ത കൊടിയും…
നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് ജനസാഗരം. അന്‍വറിന്റെ മുഖം ആലേഖനം ചെയ്ത കൊടിയുമായാണ് ആളുകള്‍ സദസ്സിലേക്ക് എത്തുന്നത്. ഡിഎംകെ പതാകയേന്തിയും ആളുകളും സദസ്സിലേക്ക് എത്തുന്നുണ്ട്.ഗൂഢല്ലൂര്‍, വഴിക്കടവ് ഭാഗത്ത് നിന്നാണ് തങ്ങള്‍ എത്തിയതെന്നും ഡിഎംകെ പ്രവര്‍ത്തകരാണെന്നും ചിലര്‍ പ്രതികരിച്ചു. എംകെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ബന്ധം പി വി അന്‍വറിനോടാണെന്നും അന്‍വര്‍ സാധാരണക്കാരന്റെ മുഖമാണന്നും സ്വന്തം വ്യക്തിപ്രഭാവം കൊണ്ടാണ് നിലമ്പൂരില്‍ അന്‍വര്‍ എത്തിയതെന്നും സദസ്സിലെത്തിയവർ പ്രതികരിച്ചു.
ആറ് മണിയോടെ വിശദീകരണ യോഗം ആരംഭിക്കുമെന്നാണ് അറിയിച്ചത്.എന്നാൽ യോഗം ഇനിയും ആരംഭിച്ചിട്ടില്ല.പ്രദേശത്ത് മഴക്കോള് നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കുറയുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അന്‍വറിന്റെ പ്രതീക്ഷ തെറ്റിക്കാതെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നുണ്ട്.പതിനായിരം പേരെ ഉള്‍ക്കൊള്ളാവുന്ന സദസാണ് ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം പേരെ വിശദീകരണ യോഗത്തിലേക്ക് അന്‍വര്‍ പ്രതീക്ഷിക്കുന്നതിനാല്‍ തന്നെ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത്.
രാജീവ് ഗാന്ധി ബൈപ്പാസിനോട് ചേര്‍ന്നുള്ള സ്വകാര്യസ്ഥലത്താണ് വേദി ഒരുക്കിയത്. റെഡി ടു ചേഞ്ച് എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളും ഡെമോക്രാമിറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പേരിനൊപ്പം പന്തവും ഉദയസൂര്യനും ഉള്‍പ്പെടുന്ന ചിഹ്നവും ഉള്‍പ്പെടുത്തിയ പോസ്റ്ററും വേദിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ കേരളം, വീ ആര്‍ വണ്‍ എന്നും അതില്‍ എഴുതിയതായി കാണാം.