അന്ന് അനന്തു ഇന്ന് അഖിൽ…കരമന കൊലയ്ക്ക് പിന്നിൽ കൊടും ക്രിമിനലുകൾ….
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019ൽ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം അഖിലെന്ന യുവാവിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖിലിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കരമന മരുതൂർ കടവിൽ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
അതിക്രൂരമായിട്ടാണ് പ്രതികള്‍ അഖിലിനെ കൊലപ്പെടുത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. യുവാവിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം ദേഹത്ത് കല്ലെടുത്ത് ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. സമാനമായ രീതിയിൽ ക്രൂരമായി ആക്രമിച്ചായിരുന്നു 2019ൽ നടന്ന അനന്തു ഗീരീഷ് കൊലപാതകവും. അന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി അതിക്രൂരമായാണ് പ്രതികൾ കൊലപ്പെടുത്തിയത്.