അനുഭവങ്ങൾ കവിതയാക്കി തെരുവിൽ ജീവിക്കുന്നു റാസി…
തിരുവനന്തപുരം: സങ്കീർണമാണ്, തെരുവിന്റെ കഥകൾ. തെരുവിലെ തീക്ഷ്ണാനുഭവങ്ങള്‍ കവിതയാകുമ്പോള്‍ അത് കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാകും. സ്വയം ‘കബി’ എന്ന് വിശേഷിപ്പിക്കുന്ന, തെരുവുകച്ചവടക്കാരൻ റാസിയെ കവിയാക്കിയതും തെരുവിലെ നേരനുഭവങ്ങളാണ്.
കിഴക്കേകോട്ടയിലെ തെരുവ് കച്ചവടക്കാരന്‍ അതേ തെരുവിലിരുന്നാണ് വരികളിലൂടെ തൻ്റെ പ്രതിഷേധ സ്വരമുയര്‍ത്തുന്നത്. ഇന്നിൻ്റെ സാമൂഹിക വ്യവസ്ഥകളോടും ഭരണസംവിധാനങ്ങളോടുമാണ് റാസി നിരുപാധികം കലഹിക്കുന്നത്. തെരുവാണ് ഏറ്റവും വലിയ സര്‍വകലാശാലായെന്ന് പറയുന്ന റാസി തന്‍റെ കവിതകളിലൂടെ അക്കാര്യം സമര്‍ത്ഥിക്കുന്നു.
പഠനകാലത്ത് സ്‌കൂള്‍ മാഗസിനിൽ കവിത എഴുതിയാണ് റാസിയുടെ തുടക്കം. പിന്നീട് സമാന്തര മാസികകളിൽ സാന്നിധ്യമറിയിച്ചു. തെരുവില്‍ കണ്ടതും കേട്ടതുമെല്ലാം തന്റെ സ്വതസിദ്ധമായ ഭാഷയില്‍ റാസി കവിതയാക്കുകയായിരുന്നു. ‘എന്റോ,’ ‘ഗാന്ധിപാര്‍ക്ക്’ തുടങ്ങിേ നിരവധി സമാഹാരങ്ങൾ തെരുവിൽ പിറന്നുവീണു. ‘ജ്യെ’ എന്ന തൻ്റെ പുതിയ കവിതാസമാഹാരവും കഴിഞ്ഞ ദിവസം കിഴക്കേകോട്ട തെരുവിൽ വച്ചാണ് റാസി പ്രകാശനം ചെയ്യിച്ചത്.സീസണല്‍ കച്ചവടക്കാരനാണ് റാസി. പഴവർഗങ്ങൾ, തൊപ്പി, ചെരിപ്പ് എന്നിവയൊക്കെ തെരുവിലിട്ട് വിൽക്കുന്ന തെരുവിൻ്റെ കവി. ബഹളത്തിനിടയിലും കച്ചവട തിരക്കിലും റാസി കവിതയെഴുതും. പേനയും ഒരു തുണ്ട് കടലാസും മാത്രം മതി…. പച്ചയായ മനുഷ്യജീവിതം കവിതകളായി പിറക്കും