അനീഷ്യയുടെ ആത്മഹത്യ… ശബ്ദരേഖ പുറത്ത്….
കൊല്ലം: ആത്മഹത്യ ചെയ്ത അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ശബ്ദരേഖ പുറത്ത് വന്നു. അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്.എപിപി എസ് അനീഷ്യയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ പറയുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ഇന്നലെയാണ് കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ആത്മഹത്യ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൻ കുറിപ്പെഴുതി സ്റ്റാറ്റസ് ഇട്ടതിന് ശേഷമായിരുന്നു ആത്മഹത്യ. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴിൽ മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ അറിയിച്ചു. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഡയറി പരവൂർ പൊലീസിന് കിട്ടി. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.