അനിൽകുമാർ വധക്കേസ് – വിചാരണ നാളെ ആരംഭിക്കും
മാവേലിക്കര- പള്ളിപ്പാട് അനിൽകുമാർ വധക്കേസ് വിചാരണ നാളെ ആരംഭിക്കും . വടക്കേക്കര കിഴക്കുംമുറിയിൽ ചാത്തേരി വടക്കതിൽ രാജപ്പന്റെ മകൻ അനിൽകുമാർ (അനി-40) കൊല്ലപ്പെട്ട കേസിന്റെ വിചാരണയാണ് മാവേലിക്കര അഡീഷൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ജഡ്ജി വി.ജി ശ്രീദേവി മുമ്പാകെ നാളെ ആരംഭിക്കുന്നത്. മനോജ്, രാജൻ, കൊച്ചുമോൻ, രാജപ്പൻ, കുട്ടൻ, അശോകൻ എന്നീ ആറു പ്രതികളാണുള്ളത്. 2014 ഡിസംബർ 29ന് രാത്രി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസാദ്, ഷിനോയ്, വിനോദ്, ദേവദാസ് എന്നീ സുഹൃത്തുക്കൾക്കൊപ്പം അനിൽകുമാർ പ്രസാദിന്റെ തൃപ്പെരുന്തുറയിലുള്ള വീട്ടിലേക്ക് പോകവേ പറയങ്കേരി ഇഞ്ചക്കത്തറ കോളനിയിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി അനിൽകുമാറിനെയും സുഹൃത്തുക്കളെയും ആക്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ അനിൽകുമാർ പിറ്റേന്ന് പുലർച്ചെ 4.30 ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ.പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.വി സന്തോഷ്കുമാർ ഹാജരാകും.