അനിലയുടെ കൊലപാതകം…ആഗ്രഹിച്ചു നിർമ്മിച്ച വീടിനകത്ത് നടന്ന അരുംകൊലയുടെ ഞെട്ടലിലാണ് വിമുക്തഭടൻ ജിറ്റി ജോസഫ്…..
പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടൻ്റെ കുടുംബം. വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ കൊര വയലിലെ ജിറ്റി ജോസഫ് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല.
കുറ്റൂർ സ്വദേശിയായ ജിറ്റി പട്ടാളത്തിലായിരുന്നു വിരമിക്കുമ്പോൾ ലഭിച്ച പണം കൊണ്ടാണ് വീടുവെച്ചത്. കൊവിഡിന് തൊട്ടു മുൻപാണ് താമസം മാറ്റിയത്.ജിറ്റിയുടെ തറവാട് വീടിന് സമീപം താമസിക്കുന്ന സുദർശൻ പ്രസാദെന്ന ഷിജുവുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധമാണുള്ളത്. നേരത്തെയും ദീർഘകാല യാത്രാ വേളകളിൽ വീട്ടിന്റെ സംരക്ഷണ ചുമതല ഏൽപ്പിക്കാറുണ്ടായിരുന്നു.
വില കൂടിയ ഇനത്തിലുള്ള പട്ടികൾ ഉള്ളതുകൊണ്ടു അതിനു ഭക്ഷണം കൊടുക്കലായിരുന്നു മുഖ്യമായി ചെയ്യേണ്ടിയിരുന്നത്. ഇത്തവണ വിമുക്ത ഭടന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ക്രൂയിസ് യാത്രയിൽ പങ്കെടുക്കാൻ കുടുംബ സമേതം മുംബെയിലേക്ക് പോകുമ്പോൾ വീട് നോക്കാനും പട്ടികൾക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ ഷിജുവിനെ പതിവു പോലെ ഏൽപ്പിക്കുകയായിരുന്നു. ആ വീട്ടിലേക്കാണ് അനിലയെ കൂട്ടിക്കൊണ്ടുവന്ന് ഇയാൾ ക്രൂരകൃത്യം നടത്തിയത്.
ഞായറാഴ്‌ച്ച രാവിലെ എട്ടരയോടെ വീട്ടിലേക്ക് പൊലിസ് വാഹനം ഇരച്ചു എത്തിയപ്പോഴാണ് നാട്ടുകാർ സംഭവമറിയുന്നത്. ശനിയാഴ്ച രാത്രിയും ഞായറാഴ്‌ച്ച രാവിലെയും ഷിജുവിനെ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ജിറ്റി സഹോദരനെ വിളിച്ചു വിവരമറിയിച്ചിരുന്നു. സഹോദരൻ അയച്ച പ്രദേശവാസിയാണ് കൊല നടന്ന വിവരം ആദ്യമറിയുന്നത്.
തുറന്നിട്ട ജനൽ പാളികൾക്കിടെയിൽ ഇയാൾ നോക്കിയപ്പോൾ അനില തറയിൽ കിടന്ന നിലയിലായിരുന്നു. ഇതേ തുടർന്ന് പൊലിസിനെയും ജിറ്റിയുടെ സഹോദരനെയും വിവരമറിയിച്ചു.
ഏറെ ആഗ്രഹിച്ചു നിർമ്മിച്ച വീടിനകത്ത് നടന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഈ കുടുംബം. പയ്യന്നൂർ പൊലീസ് ഇൻസ്‌പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ വീട് ബന്തവസ് ചെയ്തിട്ടുണ്ട്. ഫലത്തിൽ ഒരു കൊലപാതകം കാരണം പെരുവഴിയിലായിരിക്കുകയാണ് ജിറ്റിയെന്ന വിമുക്തഭടന്റെ കുടുംബം.