അനശ്വരതയിൽ ഈ മഹാനടൻ..!
തിരുവനന്തപുരം: മലയാള സിനിമയിൽ മഹാനടന്‍മാരുടെ പട്ടികയിലേക്ക് ആദ്യപേരുകാരനായി കടന്നുവന്നയാൾ. മരണമെന്ന നിത്യതയിലേക്ക് നടന്നു പോയിട്ട് 53 വർഷം…. ഇന്നും ജനഹൃദയങ്ങളിൽ അനശ്വരനായി ജീവിക്കുന്ന ആ അഭിനയചക്രവർത്തിക്ക് പേര് സത്യന്‍. അതിഭാവുകത്വത്തിന്‍റെ പിടിയില്‍ കുടുങ്ങിയ മലയാളസിനിമയില്‍ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച കറുത്ത് കുറുകിയ മനുഷ്യൻ. പരിമിതികളെ പടിക്കുപുറത്തു നിര്‍ത്തി നായകവേഷം കെട്ടിയാടിയത് രണ്ട് ദശാബ്ദക്കാലം.
തിരുവനന്തപുരം തിരുമല ആറാമട ചെറുവിളാകത്ത് വീട്ടില്‍ സത്യന്‍ പഠനത്തില്‍ മിടുക്കനായിരുന്നു. വിദ്വാന്‍പരീക്ഷ പാസ്സായി. വീട്ടിലെ സാമ്പത്തിക പരാധീനതകളെ തുടർന്ന് പഠനം കഴിഞ്ഞുടൻ ജോലിക്കിറങ്ങി. അധ്യാപകന്‍, ഗുമസ്ഥൻ, പട്ടാളക്കാരന്‍, പൊലീസ് ഇൻസ്പെക്ടർ തുടങ്ങി നിരവധി വേഷങ്ങൾ ജീവിതത്തിലാടി. നാടകത്തിലുടെ സിനിമയിലെത്തി. ആത്മസഖിയിലൂടെ ആ രൂപം വെള്ളിത്തിരയില്‍ പതിഞ്ഞു. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയില്‍ സജീവമായി. നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളികൾക്ക് പ്രിയങ്കരനാക്കി. അതുവരെയുള്ള നായക സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി സത്യനെന്ന നാൽപ്പതുകാരൻ നായക നിരയിലേക്ക്. കാമുകനായി പരുക്കൻ ഭര്‍ത്താവായി വാത്സല്യ നിധിയായ അച്ഛനായി വയസനായി വിരൂപിയായി സത്യന്‍ അണിയാത്ത വേഷങ്ങളില്ല.
1951 മുതല്‍ 1971 വരെ നീണ്ട കരിയറില്‍ 150 ൽപ്പരം സിനിമകൾ. രണ്ട് തമിഴ് ചിത്രങ്ങൾ. അര്‍ബുദത്തിന്റെ പിടിയിലായിട്ടും രോഗത്തെ അവഗണിച്ചായിരുന്നു സത്യന്‍ അഭിനയം തുടര്‍ന്നത്. ഒടുവില്‍ അസുഖം മൂർശ്ചിച്ച് 1971 ജൂണ്‍ 15ന് സത്യന്‍ സ്വയം കാറോടിച്ച് ചെന്നൈയിലെ ആശുപത്രിയിലെത്തി. പക്ഷേ, അന്നുതന്നെ മരണം സത്യനെ തേടിയെത്തി. തൻ്റെ പേരുചേര്‍ക്കാതെ മലയാള സിനിമാ ചരിത്രം പൂര്‍ണമാകില്ലെന്ന് ഉറപ്പാക്കി ആ മഹാനടൻ ഓര്‍മ്മകളുടെ അഭ്രപാളിയിലേക്ക്.