അനന്ത്നാഗില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു
കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്ലാണ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചത്. അഹ്ലാന് ഗഡോളില്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടലെന്ന് പോലീസ് അറിയിച്ചു.
കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയില്‍ സെനികര്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരവാദികള്‍ വിദേശരാജ്യത്തുനിന്നുള്ളവരാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള നടപടിയില്‍ സൈന്യത്തിന്റെ സ്പെഷല്‍ ഫോഴ്സും പാരാട്രൂപ്പേഴ്സും പങ്കാളികളാകുന്നുണ്ട്.
കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തേത്. 2023 സെപ്റ്റംബറില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍, ഒരു മേജര്‍, ഒരു ഡി.എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ രക്തസാക്ഷിത്വം വരിച്ചിരുന്നു.