അനധികൃതമായി അറസ്റ്റ് ചെയ്തെന്ന് നടിയുടെ പരാതി..മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ…
അനധികൃതമായി അറസ്റ്റ് ചെയ്തെന്ന നടിയുടെ പരാതിയിൽ മൂന്നു ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാർ.ഡിജിപി പി.എസ്.ആർ.ആഞ്ജനേയുലു, ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാൽ ഗുന്നി എന്നിവരെയാണ് ആന്ധ്രപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തത്.മുംബൈ സ്വദേശിയായ നടി കാദംബരി ജെത്വാനിയുടെ പരാതിയിലാണ് നടപടി.
വൈസ്ആർ കോൺഗ്രസ് നേതാവായ ഒരു സിനിമാ നിർമാതാവിന്റെ വ്യാജ പരാതിയിൽ തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലിൽ പാർപ്പിച്ചെന്നാണ് കാദംബരിയുടെ പരാതി. ഈ വർഷം ഫെബ്രുവരിയിലാണ് നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്.അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് നടി വ്യാജരേഖ ചമച്ച് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു നിർമാതാവിന്റെ പരാതി. എന്നാൽ ഇയാൾക്കെതിരെ മുംബൈയിൽ താൻ നൽകിയ മറ്റൊരു പരാതിയുടെ പ്രതികാരനടപടിയാണ് ഇതെന്നും ആ പരാതി പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നു പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും നടി ആരോപിച്ചു.