അധ്യാപികയുടെ ജീവനെടുത്തത് അശ്രദ്ധമായ ഡ്രൈവിംഗും ടിപ്പറിൻ്റെ അമിത വേഗതയും….
തിരുവനന്തപുരം: തലസ്ഥാനത്ത് കഴക്കൂട്ടം വെട്ടുറോഡിൽ ഇന്നലെയുണ്ടായ ടിപ്പറപകടത്തിന്റെ കാരണം അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണെന്ന് പ്രാഥമിക നിഗമനം. വിഴിഞ്ഞത്ത് കരിങ്കല്ല് ഇറക്കി തിരികെ വന്ന ടിപ്പർ പെട്ടെന്ന് ഇടത്തേക്ക് തിരിച്ച് സ്കൂട്ടറിൽ തട്ടുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ച് വീണ അദ്ധ്യാപികയായ പെരുമാതുറ സ്വദേശി റുക്സാന തല്ക്ഷണം മരിച്ചിരുന്നു. കഴക്കൂട്ടം ഭാഗത്ത് നിന്ന് ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു പെരുമാതുറ സ്വദേശി റുക്സാന.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന റോഡിലേക്ക് തെറിച്ച് വീണ് ലോറിക്കടിയിൽ പെട്ടു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അപകടം കണ്ടുനിന്ന നാട്ടുകാര്‍ നിലവിളി കൂട്ടിയപ്പോഴാണ് ഡ്രൈവര്‍ അപകട വിവരം അറിയുന്നത്. ലോറി പുറകോട്ടെടുത്താണ് റുക്സാനയെ പുറത്തെടുത്തത്. നേരത്തെ വിഴിഞ്ഞത്ത് കല്ലുമായി പോയ ലോറിയിൽ നിന്നും കല്ല് തെറിച്ചു വീണ് ബിഡിഎസ് വിദ്യാർഥി മരിച്ചിരുന്നു. പനവിള ജങ്ഷനിലെ അപകടത്തിൽ അധ്യാപകന്റെ മരണവും ടിപ്പറിന്റെ അമിതവേഗം തന്നെയെന്ന് കണ്ടെത്തിയിരുന്നു.