അധ്യാപകൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ പെൺകുട്ടി മരിച്ചു..പ്രതി ഒളിവിൽ…
അധ്യാപകന്റെ ക്രൂര ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.പീഡനത്തിനു പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് 20 ദിവസമായി വാരാണസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 14കാരിയാണ് മരണത്തിന് കീഴടങ്ങിയത്.ഉത്തർപ്രദേശിൽ സോൻഭദ്ര ജില്ലയിലെ ഡുദ്ധി ഗ്രാമത്തിലാണ് സംഭവം.സംഭവത്തിൽ പ്രതിയായ വിശംബർ എന്ന അധ്യാപകൻ ഒളിവിലാണ്. ഇയാൾക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. സ്‌കൂളിൽ സ്‌പോർട്‌സ് ഇൻസ്‌ട്രക്ടറായി ജോലി ചെയ്തിരുന്ന പ്രതി, പെൺകുട്ടിയെ ഒരു കായിക മത്സരത്തിൽ പങ്കെടുക്കാൻ വിളിക്കുകയും തുടർന്ന് വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് കുടുംബം പറയുന്നു.
എന്നാൽ നാണക്കേട് ഭയന്ന് പെൺകുട്ടി ആരോടും ഒന്നും പറഞ്ഞില്ലെന്നും സംഭവത്തിന് ശേഷം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.തുടർന്ന്, പെൺകുട്ടി അമ്മായിയോട് സംഭവം പറയുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.പിന്നാലെ യു.പിയിലെ ബലിയ നിവാസിയായ വിശംബറിനെതിരെ ജൂലൈ 10ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.പരാതിയിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടാൻ രണ്ട് സംഘങ്ങളെയും രൂപീകരിച്ചു. ഇയാളെ ഉടൻ പിടികൂടുമെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.