അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആലപ്പുഴ ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും…..
നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ നാടിനു സമർപ്പിക്കുമെന്ന് എച്ച് .സലാം എം.എൽ.എ പറഞ്ഞു. മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്ക് മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയ ശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടത്താമെന്ന് എം. എൽ. എ യോഗത്തിൽ പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി ഉപദേശക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു എം. എൽ. എ. ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങളുൾപ്പെടെ നിലവിൽ പ്രവർത്തിച്ചുവരുന്ന എല്ലാ ഒ .പി യും പുതിയ കെട്ടിടത്തിലേക്ക് മാറും. എം. ആർ. ഐ, മാമോഗ്രാം, എക്‌സ് റേ എന്നിവയുടെ ഇൻസ്റ്റലേഷൻ നടപടികൾ തുടരുകയാണ്. പകുതിയിലേറെ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കഴിഞ്ഞു. സി. ടി, അൾട്രാ സൗണ്ട് ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും.
പുതിയ ഒ പി ബ്ലോക്ക് നിർമാണത്തിനായി 117 കോടി രൂപയാണ് ചെലവഴിച്ചത്. നിർമാണം പൂർത്തീകരിച്ച് കെട്ടിടം കൈമാറിയിട്ടുണ്ട്. മെഷീനറികൾ സ്ഥാപിക്കുന്ന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നും എച്ച് .സലാം പറഞ്ഞു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ. കെ. ജയമ്മ, വൈസ് ചെയർമാൻ പി. എസ്. എം ഹുസൈൻ, സ്ഥിരം സമിതി അധ്യക്ഷരായ എ .എസ്. കവിത, എം. ആർ .പ്രേം, അംഗങ്ങളായ പി. എസ്. ഫൈസൽ, ബി നസീർ, ഡി എം ഒ ഡോ. ജമുന വർഗ്ഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ .ആർ. സന്ധ്യ, ആർ .എം. ഒ ഡോ. എം .ആശ, മുനിസിപ്പൽ എഞ്ചിനീയർ ഷിബു നാലപ്പാട്, അസിസ്റ്റന്റ് എഞ്ചിനീയർ അലിസ്റ്റർ, ഉപദേശക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.