അടിമാലിയിൽ മോഷണ പരമ്പര.. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം…

ഇടുക്കി അടിമാലിയിൽ ഇരുമ്പുപാലത്തെ 7 കടകളിൽ മോഷണം. ഇന്നലെ രാത്രിയാണ് കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അടിമാലി ഇരുമ്പുപാലം ഭാഗത്ത് മോഷണം വർദ്ധിക്കുകയാണെന്ന പരാതികൾ ആവർത്തിക്കുന്നതിനിടെയാണ് മോഷണ പരമ്പര. കടകളുടെ പൂട്ടും ഷട്ടറും പൊളിച്ചായിരുന്നു കവർച്ച നടന്നത്. രാവിലെ വ്യാപാരികൾ കടയിലെത്തിയപ്പോഴാണ് മോഷണ വിവരമറിഞ്ഞത്.

മിക്ക കടകളിൽ നിന്നും പണം കവർന്നിട്ടുണ്ട്. മോഷ്ടാവിൻ്റെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കടകളിൽ നിന്ന് പൊലീസ് ശേഖരിച്ചു. ഒരേസമയം നടന്ന മോഷണമാണെന്നും സംഭവ സമയത്ത് ടൗണിലെ ട്രാൻസ്ഫോർമർ ഓഫാക്കിയിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുമ്പുപാലം ടൗണിലെ പച്ചക്കറിക്കടയിലും മീൻകടയിലും വരെ മോഷണ ശ്രമം നടന്നിട്ടുണ്ട്.

കടകളിലെ നഷ്ടം എത്രയാണെന്ന് കണക്കാക്കി വരുന്നതേയുളളൂ. നേരത്തെ, ഇരുമ്പുപാലത്തിൻ്റെ സമീപ പ്രദേശമായ പത്താംമൈലിൽ കടകളിൽ മോഷണം നടന്നിരുന്നു. ഇവിടെ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതോടെ മോഷ്ടാക്കൾ ഇരുമ്പുപാലം കേന്ദ്രീകരിക്കുന്നെന്നാണ് വ്യാപാരികളുടെ പരാതി. ദിവസങ്ങൾക്ക് മുമ്പ് ഇരുമ്പുപാലത്തെ മെഡിക്കൽ സ്റ്റോറിലെ കവർച്ച പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലത്തെ മോഷണ പരമ്പര.

Related Articles

Back to top button