അഞ്ചുമാസം മുമ്പ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടൽ സേതുവിൽ വിള്ളല്‍ !!!!!
അഞ്ച് മാസംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത അടൽ സേതു എന്ന മുംബൈ-ട്രാൻസ് ഹാർബർ ലിങ്കിൽ വിള്ളലുകൾ കണ്ടെത്തി. രണ്ടടി മുതൽ മൂന്നടി വരെ നീളമുള്ള വിള്ളലുകളാണ് പാലത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം 7,840 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം, ഏറ്റവും നീളം കൂടിയ കടൽപ്പാലം എന്നീ റെക്കോഡുകൾ അടൽസേതു നേടിയിരുന്നു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്. അടൽ സേതുവിൽ കണ്ടെത്തിയ വിള്ളലുകൾ മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാനാ പടോലെ പരിശോധിച്ചു. സംസ്ഥാനത്ത് മുഴുവൻ അഴിമതിയാണെന്നും അഴിമതിയുടെ കൂടുതൽ ഉദാഹരണങ്ങൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയെ ഇന്ത്യയിലെ ജനങ്ങൾ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ പേരിൽ പോലും അഴിമതി നടത്താൻ ബിജെപിക്ക് മടിയില്ലെന്നും മഹാരാഷ്ട്ര അമിത് ഷായുടെയും നരേന്ദ്രമോദിയുടെയും എ ടിഎം ആയി മാറിയിരിക്കുകയാണെന്നും പടോലെ ആരോപിച്ചു. അതിനാലാണ് അവർ ഇരുവരും മഹാരാഷ്ട്രയെ പുകഴ്ത്തിപ്പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.