അച്ഛനോടൊപ്പം തീവണ്ടിയിൽ യാത്രചെയ്ത 21 കാരന്‍ മരിച്ച നിലയിൽ.. മാവേലിക്കര സ്വദേശി…
മാവേലിക്കര: അച്ഛനോടൊപ്പം യാത്രചെയ്ത വിദ്യാര്‍ഥി തീവണ്ടിയില്‍ മരിച്ച നിലയില്‍. ബെംഗളൂരുവിലേക്കുള്ള സ്പെഷ്യല്‍ തീവണ്ടിയില്‍ യാത്രചെയ്യവേ ഈറോഡിനടുത്തുവെച്ചാണ് സംഭവം. മാവേലിക്കര അറനൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന്‍ ധ്രുവന്‍ ശ്രീഹരി(21) ആണ് മരിച്ചത്. അച്ഛന്‍ ശ്രീഹരിക്കൊപ്പം ഒരാഴ്ച മുന്‍പാണ് ധ്രുവന്‍ നാട്ടിലെത്തിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് കായംകുളത്ത് നിന്ന് ബെംഗളൂരുവിലേക്കു ഇവർ യാത്രതിരിച്ചത്. താഴത്തെ ബര്‍ത്തില്‍ ഉറങ്ങാന്‍കിടന്ന ധ്രുവനെ പുലര്‍ച്ചേ നാലിന് അച്ഛന്‍ വിളിച്ചപ്പോള്‍ ഉണര്‍ന്നില്ല. ടി.ടി.ഇ.യെ അറിയിച്ചതിനെ തുടര്‍ന്ന് തീവണ്ടി ഈറോഡിനടുത്തുള്ള ശങ്കരിദുര്‍ഗ് സ്റ്റേഷനില്‍ നിര്‍ത്തി. അവിടത്തെ സ്റ്റേഷന്‍ മാസ്റ്റര്‍ ഡോക്ടറെ വരുത്തി പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണു സൂചന.
ബിരുദപഠനം കഴിഞ്ഞ ധ്രുവന്‍ ബെംഗളൂരുവില്‍ ഉപരിപഠനത്തിലായിരുന്നു. ശ്രീഹരിക്ക് ബെംഗളൂരുവില്‍ ബിസിനസാണ്. അമ്മ ദീപ അവിടെത്തന്നെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്. സഹോദരന്‍: ദേവനന്ദനന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30-ന് ഭരണിക്കാവിലെ വീട്ടുവളപ്പില്‍ നടക്കും.