അങ്കണവാടി ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരെന്ന് സുപ്രീം കോടതി..
ന്യൂഡൽഹി: സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകാൻ സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും സുപ്രീം കോടതി പറഞ്ഞു.1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാർക്കും ഗ്രാറ്റുവിറ്റിക്ക് അർഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, അഭയ് എസ് എന്നിവർ അടങ്ങിയ ബെഞ്ച് വിധിച്ചത്. ഗ്രാറ്റുവിറ്റിക്ക് അർഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. കൊറോണ വൈറസിന് എതിരെ രാജ്യം നടത്തിയ യുദ്ധത്തിൽ നിർണായക പങ്കാണ് അങ്കണവാടി ജീവനക്കാർ വഹിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. അവരുടെ സേവന വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്താൻ സമയമായെന്നും കോടതി ചൂണ്ടിക്കാട്ടി.ഗുജറാത്ത് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേർസ് യൂണിയൻ ഉൾപ്പടെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. യൂണിയന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥ്, അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ ഹാജരായി. സുപ്രീംകോടതി വിധി ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് അങ്കണവാടി വവർക്കേർസ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ സ്വാഗതം ചെയ്തു. വിധി ഉടൻ നടപ്പാക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി എ.ആർ. സിന്ധു ആവശ്യപ്പെട്ടു.